road
കുട്ടമശേരിയിൽ ഇന്നലെ രാത്രി നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും അൻവർ സാദത്ത് എം.എൽ.എയുടെയും കോലവുമായി റോഡ് ഉപരോധിക്കുന്നു

ആലുവ: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് അപകടം നടന്ന കുട്ടമശേരി പതിയാട്ട് കവലയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇന്നലെ രാത്രി എട്ടോടെ ആരംഭിച്ച ഉപരോധം അരമണിക്കൂറോളം നീണ്ടുനിന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും അൻവർ സാദത്ത് എം.എൽ.എയുടെയും കോലവുമായിട്ടായിരുന്നു പ്രതിഷേധം. ആദ്യം മന്ത്രിയുടെ കോലവുമായാണ് സമരം ആരംഭിച്ചതെങ്കിലും പിന്നീട് എം.എൽ.എയുടെ കോലം കൂടി എത്തിക്കുകയായിരുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതുവരെ സമരം തുടരുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് എം.എൽ.എ

കുട്ടമശേരിയിൽ കുഴിയിൽ ചാടിയ സ്കൂട്ടർ യാത്രക്കാരന്റെ ജീവൻ നഷ്ടമായ സംഭവത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. പലവട്ടം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. രണ്ടുവട്ടം നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല.

ഒന്നരവർഷംമുമ്പ് നാല് വരിപ്പാതയാക്കാൻ റോഡ് കിഫ്ബി ഏറ്റെടുത്തപ്പോൾ റീടാറിംഗ് നടത്തുമെന്ന് സി.ഇ.ഒ എബ്രഹാം ഉറപ്പ് നൽകിയതാണ്. എന്നിട്ടും റീ ടാറിംഗോ അറ്റകുറ്റപ്പണിയോ ഉണ്ടായില്ല. സർക്കാരിന്റെ വീഴ്ചയാണ് മരണത്തിന് കാരണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.