alan

തൃക്കാക്കര: കഞ്ചാവ് ചെടിക്ക് ഫാൻ... വെളിച്ചത്തിന് എൽ.ഇ.ഡി ലൈറ്റുകൾ! കാക്കനാട് ഇൻഫോപാർക്കിന് സമീപം നിലംപതിഞ്ഞി മുകളിലെ അജന്ത അപ്പാർട്ട്മെന്റിൽ ഹൈടെക് കഞ്ചാവ് കൃഷി നടത്തി​യതി​ന് പത്തനംതിട്ട കോന്നി സ്വദേശിയും യു.എഫ്.ഒ ടെക്നീഷ്യനുമായ അലൻ വി.രാജു(26), കായകുളം സ്വദേശിയും ഇൻഫോപാർക്കിലെ ഓപ്പറേഷൻ എക്സി​ക്യുട്ടീവുമായ അപർണ റെജി (24) എന്നിവരെ ഡൻസാഫും ഇൻഫോപാർക്ക് പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടി.

എൻജി​നി​യർമാരായ ഇരുവരും എട്ടുമാസമായി ഈ ഫ്‌ളാറ്റിലാണ് താമസം. രണ്ടാം നിലയിലെ ബി ത്രീ അപ്പാർട്മെന്റിലെ അടുക്കളയിൽ ചട്ടി​യിൽ പരിപാലിച്ച് വളർത്തിയ കഞ്ചാവ് ചെടി​ക്ക് ഒന്നര മീറ്റർ ഉയരമുണ്ടായിരുന്നു. നാലുമാസം വളർച്ച കണക്കാക്കുന്നു. ഇവർ യൂട്യൂബി​ൽ കഞ്ചാവി​ന്റെ പരി​പാലനം അറി​യാനായി​ സെർച്ച് ചെയ്തതി​ന്റെ വി​വരങ്ങൾ പൊലീസി​ന് കി​ട്ടി​. അപർണയ്ക്ക് ഇത് കഞ്ചാവ് ചെടി​യാണെന്ന് അറി​യി​ല്ലെന്നാണ് അലന്റെ വാദം.

കേസിൽ സാക്ഷിയാകാൻ പൊലീസ് വിളിച്ച സമീപ ഫ്‌ളാറ്റിലെ അന്തേവാസിയായ പത്തനംതിട്ട, മല്ലപ്പള്ളി കണ്ടെത്തി വീട്ടിൽ അമലി​(28)നെതിരെയും പൊലീസ് കേസ് എടുത്തു. ഇയാളുടെ പരിഭ്രമം കണ്ട് പൊലീസ് ദേഹപരി​ശോധന നടത്തിയപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതകത്തെ തുടർന്ന് അപ്പാർട്ടുമെന്റുകൾ കേന്ദ്രീകരിച്ച് ജില്ലയിൽ ലഹരി മരുന്ന് പരിശോധന തുടരുകയാണ്. ഇതി​നി​ടെയാണ് കഞ്ചാവ് വളർത്തുന്നതി​നെക്കുറി​ച്ച് വി​വരം ലഭി​ച്ചതെന്ന് പൊലീസ് പറഞ്ഞു. ഇൻഫോപാർക്ക് സി.ഐ വിപിൻദാസ്, എസ്.ഐ ജെയിംസ് ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.