കോതമംഗലം: സെപ്തംബർ 14ന് നവാഭിഷിക്തനായ മാർക്കോസ് മാർ ക്രിസ്റ്റോ ഫോറസ് മെത്രാപ്പോലീത്തയ്ക്ക് യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. 18ന് വൈകിട്ട് മൂന്നിന് മൗണ്ട് സീനായ് അരമനയിൽ നിന്ന് ബാന്റ് മേളത്തിന്റെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ റാലിയായി കോതമംഗലം ചെറിയപള്ളിയിൽ എത്തിച്ചേരും. പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിൽ ധൂപ പ്രാർത്ഥനയ്ക്കുശേഷം വലിയപള്ളിയിൽ എത്തിച്ചേരും. 4ന് വലിയപള്ളി അങ്കണത്തിൽ സ്വീകരണം നൽകും. അനുമോദന സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. എബ്രാഹം മാർ സേവേറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ,​ സമുദായികസംഘടനാ നേതാക്കൾ സംസാരിക്കും.