ആലുവ: ആലുവ നഗരസഭയിലെ ഭൂരിഭാഗം വാർഡുകളിലെയും വഴിവിളക്കുകൾ കത്തുന്നില്ല. ജനം ഇരുട്ടിലായി ഒരു മാസത്തിലേറെയായിട്ടും അറ്റകുറ്റപ്പണി നടത്താത്ത നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി.
തെരുവ് വിളക്കുകൾ തെളിയാതായതോടെ സന്ധ്യയായാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. നഗരസഭാ അധികൃതരോട് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി ആരോപിച്ചു. അടിയന്തര നടപടിയാവശ്യപ്പെട്ട് ബി.ജെ.പി ആലുവ മുനിസിപ്പൽ പ്രസിഡന്റ് ആർ.പദ്മകുമാറിന്റെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫിക്ക് നിവേദനം നൽകി. നഗരസഭാ കൗൺസിലർമാരായ എൻ.ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ,ഇന്ദിര ദേവി, സെക്രട്ടറി വി.പി.രാധാകൃഷ്ണൻ, ആർ.സതീഷ് കുമാർ നിവേദക സംഘത്തിലുണ്ടായിരുന്നു. അലംഭാവം തുടർന്നാൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും അവർ അറിയിച്ചു.