കൊച്ചി: ഹൈബി ഈഡൻ എംപി മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ മൂലമ്പിള്ളിയിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടി ഹൈബി ഈഡൻ എംപിയും മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജും ചേർന്ന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പിലാക്കുന്ന അമ്പ്രല്ല ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ് സ്‌കീമിന്റെ ഭാഗമായാണ് ആരോഗ്യവും പോഷണവും കൂടാതെ കുട്ടികൾക്ക് പ്രീ- എഡ്യൂക്കേഷനും ലഭ്യമാക്കുന്നത്.
രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന പരിവർത്തനം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി വ്യക്തമാക്കി. കുട്ടികളുടെ മാനസിക- ശാരീരിക വികാസത്തിനൊപ്പം സാമൂഹ്യമായ വികസനത്തിനും അടിത്തറ പാകുന്നത് അങ്കണവാടികളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തൂറ്റ് വാർഷിക സി.എസ്.ആർ ഫണ്ടുകൾ വിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിനിയോഗിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു.
25 ലക്ഷം രൂപ മുടക്കിയാണ് 650 ചതുരശ്ര അടിയുള്ള സ്മാർട്ട് അങ്കണവാടി (താഴത്തെ നില 650 ചതുരശ്ര അടി, റൂഫിംഗ് 900 ചതുരശ്ര അടി) നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക രൂപകല്പനയിൽ മികച്ച രീതിയിൽ മൂലമ്പിള്ളിയിൽ സ്ഥാപിച്ച സ്മാർട്ട് അങ്കണവാടിയിൽ പ്ലേസ്‌കൂൾ, സ്മാർട്ട് ക്ലാസ്‌റൂം, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, അടുക്കള, ടോയ്‌ലറ്റുകൾ തുടങ്ങിയവയെല്ലാം ആധുനിക രീതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ വിൻസന്റ് അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ അഗസ്റ്റിൻ ഹൈബിൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എൽസി ജോർജ്, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ് കെ.പി, മൂലമ്പിള്ളി സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി റവ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, സി.ഡി.പി.ഒ ബിന്ദുമോൾ, ശോഭന കുമാരി എന്നിവർ സംസാരിച്ചു.