bijikumari
ബിജി കുമാരി

പറവൂർ: അതിരപ്പിള്ളിയിൽ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. നോർത്ത് പറവൂർ ചെറുപറമ്പിൽ അജയഘോഷിന്റെ ഭാര്യ ബിജികുമാരിയാണ് (47) മരിച്ചത്. ഇവരുടെ മകൻ യദുകൃഷ്ണ(17), സഹോദരി ജിജിമോൾ(45), ഇളയച്ചന്റെ മകൾ മാപ്രാണം സ്വദേശി ജ്യോതി ലക്ഷ്മി (45), ഓട്ടോഡ്രൈവർ പറവൂർ സ്വദേശി വിനയൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. വെറ്റിലപ്പാറയിലെ ബന്ധുവിന്റെ വീട് താമസത്തിന് എത്തിയ ഇവർ ഉച്ചഉ‌ൗണിനുശേഷം അതിരപ്പിള്ളി സന്ദർശിക്കാൻ പോകുമ്പോഴാണ് അപകടം. മലക്കപ്പാറയിൽനിന്നുവന്ന ലോറി നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ബിജികുമാരി തത്ക്ഷണം മരിച്ചു. മക്കൾ: ബിനീഷ് കൃഷ്ണ, യദു കൃഷ്ണ. അതിരപ്പിള്ളി പൊലീസാണ് അപകടത്തിൽപ്പെട്ടവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവരെ പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേയ്ക്ക് മാറ്റി.