കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ജില്ലാ ദുരന്ത നിവാര അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അദ്ധ്യക്ഷയായ ഒരു കമ്മിറ്റിക്ക് രൂപം നൽകാൻ ഉത്തരവിട്ടു. കൊച്ചി നഗരസഭ, കൊച്ചി മെട്രോ റെയിൽ ലി, കൊച്ചിൻ സ്മാർട്ട് മിഷൻ ലി, വാട്ടർ അതോറിറ്റി. സതേൺ റെയിൽവെ എന്നിവയുടെ ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളും അമിക്കസ് ക്യൂറിയും ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മേൽനോട്ട ചുമതലയുള്ള മൈനർ ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയറും ഉൾപ്പെട്ട കമ്മിറ്റിക്കാണ് രൂപം നൽകേണ്ടത്. സെപ്തംബർ 24 നു മുമ്പ് ഈ കമ്മിറ്റിയുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് നിർദ്ദേശിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെടുന്ന ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

നഗരത്തിലെ ഡ്രെയിനേജ് സംവിധാനവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക റിപ്പോർട്ട് സെപ്തംബർ 28 നു മുമ്പ് നൽകാനും ഉത്തരവിൽ പറയുന്നു. നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ പ്രാഥമി ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മഴക്കാലമെത്തുന്നതിനു തൊട്ടുമുമ്പ് നഗരത്തിലെ കാനകൾ വൃത്തിയാക്കുന്ന പതിവു രീതി നിറുത്തി തികച്ചും ശാസ്ത്രീയമായ രീതിയിൽ കൃത്യമായ ഇടവേളകളിൽ കാനകൾ വൃത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ കാനകൾ വൃത്തിയാക്കണമെന്നാണ് കോടതി ശുപാർശ ചെയ്യുന്നത്. ഇക്കാര്യം പുതിയ കമ്മിറ്റി പരിഗണിച്ചു അഭിപ്രായം റിപ്പോർട്ടിലുൾപ്പെടുത്തണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.

മുണ്ടംവേലിയിലെ പാർപ്പിട സമുച്ചയ നിർമ്മാണം : പഴി കരാറുകാരന്

പി ആൻഡ് ടി കോളനിക്കാരെ പുനരധിവസിപ്പിക്കാനായി മുണ്ടംവേലിയിൽ ഒരുക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണം ഒച്ചിഴയുന്ന വേഗത്തിലാണെന്നും കരാറുകാരനെയാണ് ജി.സി.ഡി.എ ഇതിൽ കുറ്റപ്പെടുത്തുന്നതെന്നും ഹൈക്കോടതി വിലയിരുത്തി . ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോടു നിർദ്ദേശിച്ചു. ഹർജികൾ വീണ്ടും പരിഗണിക്കുന്ന സെപ്തംബർ 29 നകം അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകണം.