നടപടി​കളുമായി​ നഗരസഭ

കൊച്ചി: തെരുവുനായ്ക്കളെ കൊണ്ടു പൊറുതിമുട്ടി കൗൺസിലർമാരും. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ നായ്ക്കൾ പ്രധാന ചർച്ചാവിഷയമായി. ഓണാഘോഷത്തിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നിറങ്ങിയ മകളെ നായ കടിച്ചെന്ന് അറിഞ്ഞപ്പാേഴുണ്ടായ ഞെട്ടലിനെയും വേദനയെയും കുറിച്ചാണ് എൽ.ഡി.എഫ് കൗൺസിലർ ജോർജ് നാനാട്ട് സംസാരിച്ചത്. കാരണക്കോടം, തമ്മനം, പാലാരിവട്ടം, പൈപ്പ്ലൈൻ പ്രദേശങ്ങളിൽ നായശല്യം രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. മണപ്പാട്ടി പറമ്പിൽ വച്ച് നായകളുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്ക് താൻ രക്ഷപ്പെട്ട സംഭവം യു.ഡി.എഫിലെ രജനിമണി വിശദീകരിച്ചു. നായ ശല്യം മൂലം വിദ്യാർത്ഥികൾക്ക് റോഡിലിറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ പറഞ്ഞു.

അപകടകാരികളായ നായ്ക്കളിൽ നിന്നു ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർ കെ.ബി. ഹർഷൻ അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഒറ്റക്കെട്ടായി പാസാക്കി.

 നടപടികൾ കർശനമാക്കും

നിലവിൽ നാലു ഡോഗ് കാച്ചേഴ്സ് ആണ് കോർപ്പറേഷനിലുള്ളതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. അപകടകരമായ ഈ ജോലി ചെയ്യാൻ ആളുകളെ ലഭിക്കുന്നില്ല. ഇവരുടെ ശമ്പളം 18000ൽ നിന്ന് 20000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഡോഗ് ക്യാച്ചേഴ്സിനെ രണ്ടു ടീമായി തിരിച്ച് പുലർച്ചെയും രാത്രിയിലുമായി നായ്ക്കളെ പിടികൂടി ബ്രഹ്മപുരത്തു കൊണ്ടുപോയി വന്ധ്യംകരിക്കും.

തീരുമാനങ്ങൾ ഇങ്ങനെ
റോട്ടറി ക്ലബ് ഉൾപ്പെടെയുളള സന്നദ്ധ സംഘടനകൾ പിടികൂടുന്ന തെരുവ് നായ്കളെ കോർപ്പറേഷൻ വന്ധ്യംകരിക്കും

പിടികൂടുന്ന നായ്കളെ അടച്ചിടുന്നതിനായി വിവിധ ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിക്കും

മുഴുവൻ വളർത്തു നായകൾക്കും ലൈസൻസ് നിർബന്ധമാക്കും

വളർത്തു നായകൾക്ക് ലൈസൻസ് നൽകുന്നതിനുളള സംവിധാനം വികേന്ദ്രീകരിക്കും

21 ഹെൽത്ത് സർക്കിളുകളിലും ഇതിനുളള സംവിധാനമൊരുക്കും

മൃഗാശുപത്രികൾ വഴിയുളള വാക്‌സിനേഷൻ വർദ്ധിപ്പിക്കും

മൃഗാശുപത്രികൾ വഴി തെരുവ് നായ്കൾക്കും വാക്‌സിനേഷൻ നൽകുന്നതിന് നടപടി സ്വീകരിക്കും

വീടുകളിൽ വളർത്തുന്ന നായ്കളെയും ഉടമസ്ഥരുടെ ആവശ്യപ്രകാരം വന്ധ്യംകരിക്കും
എ.ബി.സി. പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും

മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും