കൊച്ചി: ഹയർ സെക്കൻഡറി വിദ്യാർത്ഥിയായ പതിനേഴുകാരനെ ഹെൽമെറ്റുകൊണ്ട് തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേൽപിച്ച കേസിൽ എറണാകുളം ചളിക്കവട്ടം പടിയേടത്ത് മേലിൽ നിർമ്മലിന് (25) എറണാകുളം പോക്സോ കോടതി അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചു. 2017ലാണ് സംഭവം നടന്നത്. സ്കൂളിലെ സഹപാഠികളുമായുള്ള വഴക്കു പരിഹരിക്കാമെന്നുപറഞ്ഞ് വിദ്യാർത്ഥിയെ പ്രതി കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഹെൽമെറ്റു കൊണ്ടു തലയ്ക്കടിച്ച് പരിക്കേൽപിച്ചെന്നാണ് കേസ. അടിയേറ്റു വീണ വിദ്യാർത്ഥിയുടെ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥിക്ക് നിരവധിദിവസം കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്താണ് കുറഞ്ഞശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.