# ഓണാഘോഷം നടത്തിയതിൽ അഴി​മതിയെന്ന് ആരോപണം

തൃക്കാക്കര: തൃക്കാക്കര നഗരസഭ ഓണാഘോഷം കഴിഞ്ഞതോടെ ഓണത്തല്ല് തുടങ്ങി. ഓണാഘോഷത്തിൽ വ്യാപക പണപ്പിരിവ് നടത്തിയതായി കോൺഗ്രസ് കൗൺസിലർ വി.ഡി സുരേഷ് രംഗത്ത്. പ്രമുഖ വ്യക്തികൾ,സ്വകാര്യ കെട്ടിട നിർമ്മാതാക്കൾ,ഹോട്ടലുകൾ,കച്ചവട സ്ഥാപനങ്ങൾ എന്നി​വരി​ൽ നിന്നും വ്യാപകമായി ഓണാഘോഷത്തിന്റെ മറവിൽ പണം പിരിച്ചതായി ഭരണപക്ഷ കൗൺസിലർ തന്നെ ആരോപണവുമായി രംഗത്തെത്തിയത്. ഓണാഘോഷത്തിനായി സർക്കാർ 25 ലക്ഷം രൂപ ചെലവഴിക്കുന്നതിനായി അനുമതി നൽകിയിരുന്നത്.ഇതിനാൽ ഇക്കുറി ഓണാഘോഷത്തിന്റെ പേരിൽ പണപ്പിരിവ് നടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു.അതിനാൽ ഓണാഘോഷ സംഘാടക സമതിയുടെ പേരിൽ രസീത് അടിച്ചതുമില്ല.എന്നാൽ ചില കൗൺസിലർമാർ ഓണാഘോഷം അഴിമതി നടത്താനുളള അവസരമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഓണാഘോഷത്തിന്റെ നോട്ടീസ് അടിച്ചതിൽ ക്രമക്കേടെന്ന് ആരോപണങ്ങൾക്കിടെയാണ് പുതിയ ആരോപണവുമായി ഭരണപക്ഷ കൗൺസിലർ തന്നെ രംഗത്തെത്തിയത്. ഓണാഘോഷം പകുതി ദിവസം പിന്നിട്ട ശേഷമായാണ് നോട്ടീസ് അടിച്ചതെന്നും ആരോപണമുണ്ട്. കഴിഞ്ഞ വർഷത്തെ ഓണാക്കാലത്ത് പണം കവറിൽ ഇട്ട് കൊടുത്തത് ഏറെ വിവാദം ഉയർത്തിയിരുന്നു. ഇതു സംബന്ധിച്ച് ചെയർപേഴ്സനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.

# എം.പിയും എം.എൽ.എ അടക്കമുള്ളവർ വിട്ട് നിന്നും

അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വ്യാഴാഴ്ച കാക്കനാട് പരേഡ് ഗ്രൗണ്ടിൽ നടന്ന നഗരസഭാ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ നിന്നും ഉദ്ഘാടകനായിരുന്ന ഹൈബി ഈഡൻ എം.പി, ഉമാ തോമസ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ വിട്ട് നിന്നു.ഒടുവിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഉമാതോമസിന് പകരം വൈസ്.ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.എൽ.ഡി.എഫിനെയോ,യു.ഡി.എഫിനെയോ ക്ഷണിക്കപ്പെട്ട പ്രധാന നേതാക്കൾ ആരും ചടങ്ങിന് എത്താതിരുന്നത് നാണക്കേടായി.