കൊച്ചി: ചുണ്ടൻവള്ളങ്ങൾ മാത്രമല്ല ഒക്ടോബർ എട്ടിന് നടക്കുന്ന മറൈൻഡ്രൈവ് ജലോത്സവത്തിൽ (ചാമ്പ്യൻസ് ബോട്ട് ലീഗ് ) ഇരുട്ടുകുത്തി വള്ളങ്ങളും ഏറ്റുമുട്ടും. പ്രാദേശിക മത്സരമെന്ന നിലയിൽ ഇരുട്ടുകുത്തി എ, ബി ഗ്രേഡുകളിലുള്ള 9 വീതം ഓടിവള്ളങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനമായി. ടി.ജെ. വിനോദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ചെറുവള്ളങ്ങളുടെ മത്സരവും സംഘടിപ്പിക്കാൻ ധാരണയായത്. വള്ളംകളിക്കിടെ നാവികസേനയുടെയും നേവൽ എൻ.സി.സിയുടെയും അഭ്യാസപ്രകടനങ്ങളും സംഘടിപ്പിക്കും.
ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിവിധ തലങ്ങളിലുള്ള പ്രചാരണങ്ങൾ തയ്യാറെടുക്കുകയാണ് ടൂറിസം വകുപ്പ്. സബ് കമ്മിറ്റികൾ രൂപീകരിച്ചുകഴിഞ്ഞു. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പങ്കാളിത്തം ഉറപ്പുവരുത്തും. കൊച്ചി മെട്രോ, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ പ്രചാരണം നടത്തും. എറണാകുളം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച യോഗത്തിൽ കളക്ടർ ഡോ. രേണുരാജ്, കൊച്ചി ഡി.സി.പി എസ്. ശശിധരൻ, സബ് കളക്ടർ പി. വിഷ്ണുരാജ്, അസി. കളക്ടർ ഹർഷിൽ ആർ. മീണ തുടങ്ങിയവർ പങ്കെടുത്തു.
ആഴമില്ല, ചെളിനീക്കണം
മത്സരം നടക്കുന്ന കൊച്ചി കാലയിലിലെ ചിലയിടങ്ങളിൽ ആഴമില്ല. ഇവിടെ ഡ്രഡ്ജിംഗ് നടത്താൻ ജലസേചനവകുപ്പിനെ ചുമതപ്പെടുത്തി. 15000 മീറ്റർക്യൂബ് ചെളി മാറ്റേണ്ടിവരുമെന്നാണു കരുതുന്നത്. ഡ്രഡ്ജറുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങളും മറ്റു സഹായങ്ങളും കൊച്ചി മെട്രോ അടക്കമുള്ള വിവിധ ഏജൻസികൾ നൽകാമെന്ന് ഏറ്രിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കും
വള്ളംകളി കാണാനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ഫയർഫോഴ്സിന്റെ 5 റെസ്‌ക്യു ബോട്ടുകളും 12 സ്‌കൂബ ഡൈവർമാരും സദാസന്നദ്ധരായി കൊച്ചി കായലിലുണ്ടാകും. നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ എയ്ഡ് പോസ്റ്റും ബോട്ട് ആംബുലൻസും സജ്ജമായിരിക്കും. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രത്യേക സൗകര്യം ഒരുക്കും.