പള്ളുരുത്തി: ഇടക്കൊച്ചി കായലിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്. നേവിയും ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും കഴിഞ്ഞ മൂന്ന് ദിവസമായി തെരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം വെള്ളായണി സ്വദേശി നിധിനെയാണ് (23) കാണാതായത്. വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന കൊല്ലം തങ്കശേരി സ്വദേശി ഗോഡ്വിൻ നീന്തി കരയ്ക്ക് കയറിയിരുന്നു. വള്ളംമറിഞ്ഞ സ്ഥലത്തുനിന്ന് ഇരുവരും കുറേദൂരം നീന്തിയെങ്കിലും കരയ്ക്കടുക്കാറായപ്പോൾ നിധിനെ കാണാതാവുകയായിരുന്നു. കുമ്പളങ്ങിയിൽ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ ഇരുവരും വിവാഹദിവസം രാവിലെ 8 മണിയോടെ ചെറുവഞ്ചിയുമായി ഇടക്കൊച്ചി കായലിലൂടെ സഞ്ചരിക്കവേ മണൽത്തിട്ടയിൽ തട്ടി വള്ളം മറിയുകയായിരുന്നു.