forest

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും ചെറിയ പക്ഷി സങ്കേതമായ മംഗളവനം ശോച്യാവസ്ഥയിൽ നിന്ന് മോചനത്തിലേക്ക്. മെട്രോ നഗരമദ്ധ്യത്തിലെ മംഗളവനം പക്ഷി സങ്കേതത്തിന്റെ മുഖച്ഛായ മാറ്റി കൂടുതൽ സന്ദർശകരെ ആകർഷിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്. ഒരു വർഷത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.

കൂടുതൽ ഇരിപ്പിടങ്ങൾ, ടിക്കറ്റ് കൗണ്ടർ, എക്കോ ഷോപ്പ്, വോക്ക് വേ, ഉദ്യാനം, മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങൾ, കുടിലുകൾ എന്നിവ നവീകരണത്തിന്റെ ഭാഗമായി നിർമിക്കും. അഞ്ച് മുതൽ എട്ട് ലക്ഷത്തോളം രൂപയാണ് മുടക്ക്. വനം വകുപ്പ് നേരിട്ടാണ് നവീകരണം നടപ്പാക്കുന്നത്.

പ്രവേശന പാസ് ഏർപ്പെടുത്തി
മംഗളവനത്തിലെ പ്രവേശനത്തിന് സെപ്തംബർ ഒന്ന് മുതൽ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സൗജന്യപ്രവേശനം അനുവദിച്ചിരുന്ന ഏക എക്കോ ടൂറിസം കേന്ദ്രമായിരുന്നു മംഗളവനം. സർക്കാർ നിർദേശത്തെത്തുടർന്നാണ് പാസ് ഏർപ്പെടുത്തിയത്. കാമറകളുടെ ഉപയോഗത്തിനും ഷൂട്ടിംഗിനും പ്രത്യേക നിരക്ക് ഈടാക്കും.

നവീകരണ ചെലവ്

₹ 5 ലക്ഷം- ₹ 8 ലക്ഷം

ടിക്കറ്റ് നിരക്ക്
മുതിർന്നവർ- ₹10
(13 വയസിനു മുകളിൽ)

കുട്ടികൾ- സൗജന്യം
(13 വയസിനു താഴെ)

വിദ്യാർത്ഥികൾ- ₹ 5

വിദേശികൾ- ₹ 20

വി.എസ്.എസ്, ഇ.ഡി.സി അംഗങ്ങൾ- സൗജന്യം

സ്‌കൂൾ, കോളേജ് നേച്ചർ ക്ലബ് അംഗങ്ങൾ- സൗജന്യം

കാമറ- ₹ 250

ആൽബം ഷൂട്ടിംഗ്- ₹ 1,000

എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി
മംഗളവനത്തിന്റെ സുഗമമായ നടത്തിപ്പിന് സർക്കാർ നിർദേശ പ്രകാരം മറ്റു സ്ഥലങ്ങളിലേതിന് സമാനമായി എക്കോ ഡെവലപ്മെന്റ് കമ്മിറ്റിയും പുതിയതായി രൂപീകരിച്ചിട്ടുണ്ട്. മംഗളവനത്തിന്റെ സമീപ പ്രദേശങ്ങളിലുള്ളവരും പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരുമുൾപ്പെടുന്ന 30ലേറെപ്പേരാണ് അംഗങ്ങൾ.

രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും ഒരു വാച്ചറുമാണ് (താത്കാലികം) ജീവനക്കാരായുള്ളത്. ടിക്കറ്റ് കൗണ്ടറിലേക്ക് എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയിൽ നിന്ന് ഒരാളെക്കൂടി താത്കാലികമായി നിയമിക്കും.

134 ഇനം സസ്യങ്ങൾ, 26 ഇനം പക്ഷികൾ
ജൈവവൈവിധ്യത്തിന്റെ കലവറയായ മംഗളവനത്തിൽ 134ഇനം സസ്യങ്ങളും (ആറ് തരം കണ്ടലുകൾ, ഏഴ് തരം കണ്ടൽ ഉപവിഭാഗങ്ങൾ ഉൾപ്പെടെ) 26 ഇനം പക്ഷികളുമുണ്ടെന്നാണ് ഏറ്റവുമൊടുവിലത്തെ സർവെ പ്രകാരമുള്ള കണക്ക്.

എട്ടുകാലികൾ- 67തരം
ചിത്രശലഭം- 17തരം
മത്സ്യം- ഏഴ് തരം
ഉഭയജീവികൾ- രണ്ട് തരം
ഇഴജന്തുക്കൾ- രണ്ട് തരം
സസ്തനികൾ- ആറ് തരം

സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നത്.

ചിന്നു,
അസി. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്