കൊച്ചി: ഗുരുധർമ്മ പ്രചാരണ രംഗത്ത് ടി.എസ്.സിദ്ധാർത്ഥൻ നൽകിയ സേവനങ്ങൾ നിസ്തുലമാണെന്ന് അദ്വൈത പ്രചാർ സഭ പ്രസിഡന്റ് ഡി.ബാബുരാജ് പറഞ്ഞു. തിങ്കളാഴ്ച നിര്യാതനായ ഗുരുസ്മരണ സമിതി പ്രസിഡന്റ് ടി.എസ്.സിദ്ധാർത്ഥനെ അനുസ്മരിക്കാൻ എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദർശനം പുതിയ തലമുറയിലേക്ക് എത്തിക്കാൻ വേണ്ടി ശ്രീനാരായണ ധർമ്മ പ്രചാരകരെ വാർത്തെടുക്കാൻ പരിശീലന ക്ളാസുകൾ സംഘടിപ്പിക്കുക മാത്രമല്ല, ഗുരുദേവ കൃതികൾ ജനങ്ങളിലേക്കെത്തിക്കാനായി നിരവധി പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തു.
നേതൃപാടവം കൊണ്ട് ഒട്ടനവധി പേരെ ഗുരുവിന്റെ പാതയിലേക്ക് ആനയിക്കാനും സാധിച്ചതായി ഡി.ബാബുരാജ് പറഞ്ഞു. സിദ്ധാർത്ഥന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. പി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആനന്ദ ചന്ദ്രോദയം സഭ പ്രസിഡന്റ് പി.ഐ.തമ്പി, ആലുംമൂട്ടിൽ രമേശ് ചന്ദ്രൻ, സതീഷ്, മേഘനാഥൻ, വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.