fever

കൊച്ചി: ജില്ലയിൽ വൈറൽ പനിയും കൊവിഡും കുതിച്ചുയരുന്നു. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ആഗസ്റ്റിലേതിനെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് വൈറൽ പനിയും കൊവിഡും മറ്റ് പകർച്ചവ്യാധികളും ബാധിച്ച് ഇപ്പോൾ ചികിത്സ തേടിയെത്തുന്നത്. പലരും കൊവിഡ് ടെസ്റ്റ് ചെയ്യാത്തതും പ്രതിസന്ധിയുടെ ആഴമേറ്റുന്നു. മാസ്ക് ഉപയോഗവും എല്ലാവരും മറന്നുകഴിഞ്ഞു. ആശുപത്രികളിൽ കൊവിഡ് ലക്ഷണങ്ങളോടെ എത്തുന്നവർക്കു മാത്രമാണ് ടെസ്റ്റ് നടത്തുന്നത്. എന്നാൽ കൊവിഡ് ലക്ഷണങ്ങൾ അവഗണിക്കുന്നവർ ഏറെയാണെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോൾ പടരുന്ന പനികൾക്കും കൊവിഡിനുമെല്ലാം സമാനലക്ഷണങ്ങളാണ്. ലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്. കൊവിഡാണെന്ന് സംശയം തോന്നിയാൽ ടെസ്റ്റ് നടത്തി ഉറപ്പാക്കും. സംസ്ഥാനത്ത് മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളത്ത് പനി നിരക്ക് കൂടുതലാണ്.

രോഗം സംബന്ധിച്ച കണക്ക്

(10 മുതൽ 16 വരെ)

കൊവിഡ്

- 4771

പനി

ചികിത്സ തേടിയവർ- 10,358

അഡ്മിറ്റായവർ- 152

ഡെങ്കിപ്പനി

സംശയിക്കുന്നവർ- 154

സ്ഥിരീകരിച്ചവർ- 29

എലിപ്പനി

സംശയിക്കുന്നവർ- 14

സ്ഥിരീകരിച്ചവർ- 12

ജില്ലയിൽ പനി, കൊവിഡ് മറ്റ് പകർച്ച വ്യാധികൾ എന്നിവയിൽ വലിയ വ‌ർദ്ധനയാണുണ്ടായിട്ടുള്ളത്. ഏതൊക്കെ പ്രദേശത്താണ് കൂടുതൽ എന്നുള്ളത് കണ്ടെത്തിയിട്ടില്ല. എങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം.

എസ്. ജയശ്രീ

ഡി.എം.ഒ