
കിഴക്കമ്പലം: മാതാപിതാക്കളുടെ സ്നേഹക്കരുതൽ നഷ്ടപ്പെട്ട പിഞ്ചു ബാല്യങ്ങൾക്ക് കരുതലും കൈതാങ്ങുമായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയെത്തി. മാതാവിനെ കൊലക്കത്തിയിരയാക്കി പിതാവ് ആത്മഹത്യ ചെയ്തതോടെ ജീവതത്തിനു മുന്നിൽ പകച്ചു നിന്ന അനിഘയ്ക്കും ആര്യനും അനീഷയ്ക്കും തുടർ പഠനമൊരുക്കാൻ സർക്കാർ സഹായം പ്രഖ്യാപിച്ചു. കുട്ടികൾക്ക് പ്രതിമാസം 2000 രൂപവീതം 6000 രൂപയാണ് ലഭ്യമാക്കുന്നത്.
പള്ളിക്കര ഊത്തിക്കര ഭാസ്കരന്റെ മകൾ ലിജയെ കഴിഞ്ഞ അഞ്ചിനാണ് ഭർത്താവ് അന്യസംസ്ഥാനക്കാരനായ സുക്രു കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ലിജയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. 14 വർഷം മുമ്പ് വിവാഹിതരായ ഇവർ കുടുംബപ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിയുന്നതിനിടയിൽ അഞ്ചിന് രാത്രി ലിജയുടെ വീട്ടിലെത്തി സംസാരിച്ച് ഇരിക്കുന്നതിനിടെയായിരുന്നു കൊലപാതകം. ഇതോടെ ലിജയുടെ പിതാവ് തെങ്ങു കയറ്റത്തൊഴിലാളിയായ ഭാസ്കരനും ഭാര്യ കൗസല്ല്യയ്ക്കും ചെറുമക്കളുടെ പഠനം ആശങ്കയായി.
തുടർന്നാണ് എം.എൽ.എയുടെ ഇടപെടലുണ്ടായത്. ശിശുക്ഷേമവകുപ്പുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജുമായി നടത്തിയ ഇടപെടലുകളെ തുടർന്നാണ് കുട്ടികളുടെ പഠന ചെലവിന് തുക അനുവദിച്ച് ഉത്തരവായത്. കുട്ടികളുടെ ഭാവി സുരക്ഷയുടെ ഭാഗമായി ചൈൽഡ് വെൽഫയർ കമ്മിറ്റി കുട്ടികളെ ദത്തെടുക്കാനുള്ള സന്നദ്ധതയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിൽ നിന്നുള്ള ധനസഹായം ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു. ധന സഹായം ലഭിച്ച വിവരം എം.എൽ.എയോടൊപ്പം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഭാരവാഹികൾ വീട്ടിലെത്തിയാണ് അറിയിച്ചത്.