അങ്കമാലി അങ്കമാലി-കാലടി-അത്താണി- കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കാൻ തീരുമാനമായി. റോജി എം. ജോൺ എം.എൽ.എയുടെയും ജില്ലാ ലേബർ ഓഫീസർ സി.കെ. നവാസിന്റെയും സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയിലാണ് വേത വർദ്ധന അംഗീകരിച്ചത്. കരാർ കാലാവധി സെപ്തംബർ 16 മുതൽ രണ്ട് വർഷം. കരാർ പ്രകാരം ഓരോ ബസിലും ദിനംപ്രതി 400രൂപയുടെ വേതന വർദ്ധനവുണ്ടാകും. നിലവിൽ ലഭിക്കുന്ന വേതനത്തിന് പുറമെ ഡ്രൈവർക്ക് 200 രൂപ, കണ്ടക്ടർക്ക് 125 രൂപ, ഡോർ ചെക്കർക്ക് 75 രൂപ എന്നീ ക്രമത്തിലായിരിക്കും വർദ്ധന. ചർച്ചയിൽ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് പി.ജെ.വർഗീസ്, പി.ജെ.ജോയി, പി.ടി. പോൾ, കെ.പി.പോളി, സേതു ശിവൻ, സി.എ.ജോസ്, പി.കെ.പൗലോസ്, കെ. ഒ.ഡേവീസ് , ബസ് ഉടമകൾക്ക് വേണ്ടി ബി.ഒ. ഡേവിസ്, എ.പി.ജിബി, കെ.സി. വിക്ടർ എന്നിവർ പങ്കെടുത്തു.