കൊച്ചി: കൂണുകൾ പോലെ മുളച്ചുപൊന്തുന്ന അനധികൃത ഹോസ്റ്റലുകൾ അധികൃതർക്ക് തലവേദനയാകുന്നു. ഇവയിൽ അധികവും റസിഡൻഷ്യൽ മേഖലയിലാണ് . നാലു പേർക്ക് താമസിക്കാവുന്ന മുറിയിൽ ബങ്കുകൾ സ്ഥാപിച്ച് എട്ടും പത്തും പേരെ താമസിപ്പിക്കുന്നുവെന്നാണ് പ്രധാന പരാതി. ജൈവ അജൈവമാലിന്യങ്ങൾ സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് വലിച്ചെറിയുന്നു, സീവേജ് മാലിന്യങ്ങൾ കാനയിലേക്ക് തള്ളുന്നു,,, എന്നിങ്ങനെ പരാതിപട്ടിക നീളുന്നു. രവിപുരത്ത് ഒരു ലെയിനിൽ നാലു അനധികൃത ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നതായാണ് വിവരം. നഗരത്തിന്റെ പലഭാഗത്തും ഇത്തരത്തിലുള്ള ഹോസ്റ്റലുകളുണ്ട്. കഴിഞ്ഞ ദിവസം നടന്ന കൗൺസിലിലും ഇക്കാര്യം ചർച്ചയായി.
ശക്തമായ നടപടി വേണം
പല സ്ഥലത്തും സ്ത്രീ, പുരുഷ ഹോസ്റ്റലുകൾ തൊട്ടടുത്താണ്. യാതൊരു സമയക്രമവും പാലിക്കാതെയാണ് പ്രവർത്തനം. രാത്രി എത്ര വൈകിയാലും തിരിച്ചു ഹോസ്റ്റലിൽ കയറാം. അന്തേവാസികൾ അർദ്ധരാത്രിയിൽ അനാവശ്യമായി കറങ്ങി നടക്കുന്നതായി ആക്ഷേപമുണ്ട്. ശുചിത്വ, മാലിന്യസംസ്കരണ നിബന്ധനകൾ ലംഘിക്കുന്നതാണ് മറ്റൊരു വെല്ലുവിളി. അനധികൃത ഹോസ്റ്റലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.
എസ്. ശശികല
രവിപുരം കൗൺസിലർ
പരിശോധന നടത്തും
അനധികൃത ഹോസ്റ്റലുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മേയർ എം. അനിൽകുമാർ അറിയിച്ചു.
വനിതാ സ്ക്വാഡുകൾ രംഗത്തിറങ്ങും
ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് തദ്ദേശസ്ഥാപനത്തിന്റെ ലൈസൻസ് നിർബന്ധമാണ്. എല്ലാ വർഷവും ലൈസൻസ് പുതുക്കണം. ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് കോർപ്പറേഷനാണ്. ഭക്ഷ്യവിഷബാധ പോലെ അനിഷ്ട സംഭവങ്ങളുണ്ടായാൽ നടത്തിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കാം. എന്നാൽ പ്രവർത്തനസമയത്തിലോ അന്തേവാസികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിലോ ഇടപെടാൻ കോർപറേഷന് അധികാരമില്ല. വനിതാ ഹെൽത്ത് ഇൻസ്പക്ടർമാർ ഉൾപ്പെടുന്ന സംഘം അടുത്ത ആഴ്ച മുതൽ ഹോസ്റ്റലുകളിൽ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
...................................................................
അനധികൃത ഹോസ്റ്റലുകൾ ജനപ്രതിനിധികൾക്കും പൊലീസിനും തലവേദനയാണ്. ലഹരി ഉപയോഗം, അമിതവേഗതയിലുള്ള ഡ്രൈവിംഗ് തുടങ്ങി നിരവധി പരാതികളാണ് ലഭിക്കുന്നത്. മോശമായ സാഹചര്യത്തിൽ നിരത്തിൽ അന്തേവാസികളെ കണ്ടുവെന്ന ഫോൺകോളുകളെ തുടർന്ന് അസമയത്ത് ഓടിച്ചെല്ലേണ്ടി വന്നിട്ടുണ്ട് . കുട്ടികളുടെ ഭാവിയെക്കരുതി വിവരം പൊലീസിൽ അറിയിക്കാതെ അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കുകയാണ് പതിവ്. അപകടകരമായ ഈ പോക്കിന് കടിഞ്ഞാണിട്ടേ മതിയാകൂ.
ബെൻസി ബെന്നി, കോന്തുരുത്തി കൗൺസിലർ