
ആലുവ: ഭരണഘടന അനുശാസിക്കുന്ന മതേതരത്വം എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും അനുവാദം നൽകുമ്പോൾ തന്നെ രാജ്യത്തിനു പ്രത്യേക മതമില്ലെന്നതാണ് ഭരണഘടനയുടെ അന്തസത്തയെന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പറഞ്ഞു.
കെ.എം.ഇ.എ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നൽകിയ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ രാജ്യത്തിന്റെ പ്രതീക്ഷയാണ്. ഉന്നത വിജയം കരസ്ഥമാക്കിയവർ നാളത്തെ മികച്ച പ്രതിഭകളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.ഇ.എ ചെയർമാൻ പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജ് സെക്രട്ടറി കെ.എ. ജലീൽ മുഖ്യാതിഥികൾക്കുള്ള ഉപഹാരം നൽകി. ജനറൽ സെക്രട്ടറി റിയാസ് അഹമദ് സേട്ട്, സ്‌കോളർഷിപ്പ് കമ്മിറ്റി കൺവീനർ പി.എം.എ. ലത്തീഫ്, അക്ബർ ബാദുഷ, എച്ച്.ഇ. മുഹമദ് ബാബു സേട്ട്, ആസിഫ് അഹമദ് സേട്ട്, അഡ്വ. മജീദ് പറക്കാടൻ, വി.എസ്. അബ്ദുൽ റഹിമാൻ, എൻ.കെ. നാസർ, വി.എസ്. കുഞ്ഞുമുഹമദ്, പി.എ. അഹമദ് കബീർ, പി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ 372 വിദ്യാർത്ഥികൾക്കാണ് കാഷ് അവാർഡും ഉപഹാരവും നൽകിയത്.