പറവൂർ: ലാഭമുണ്ടാക്കുക മാത്രമല്ല കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യമെന്നും സംസ്ഥാനത്ത് മികച്ച പൊതുഗതാഗത സംവിധാനം ഒരുക്കുകയുമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ നൂതന സംരംഭമായ യാത്രാ ഫ്യൂവൽസ് ഔട്ട്ലൈറ്റിന്റെ ഒമ്പതാമത്തെ കേന്ദ്രം പറവൂർ ഡിപ്പോയ്ക്ക് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാനുള്ള ഉദ്ദേശിച്ചുള്ളതാണ് ഫ്യൂവൽ ഔട്ട്ലൈറ്റ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹരിച്ച് സംസ്ഥാനത്ത് 75 ഔട്ട്ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രോണിക് ഫാസ്റ്റ് ചാർജിംഗ് എന്നിവ ഔട്ട്ലൈറ്റുകളിൽ ലഭ്യമാക്കും. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, ദീപക് ദാസ്, കെ.ടി. സെബി, ടി.വി. നിധിൻ, ഇ.ജി. ശശി, ടി.എൻ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.