road

കോലഞ്ചേരി: പി.പി റോഡിൽ കുമ്മനോട് മാന്ത്രയ്ക്കൽ അമ്പലത്തിന് സമീപം കലുങ്കിനോട് ചേർന്ന് റോഡ് ഇടിഞ്ഞു താഴ്ന്നത് വൻ അപകടത്തിന് വഴിയൊരുക്കുന്നു. ഇവിടെ അരയടിയോളം താഴ്ചയിൽ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. കുമ്മനോട് പാടശേഖരത്തിൽ നിന്ന് വെള്ളം ഒഴുകുന്ന തോട് റോഡ് ക്രോസ് ചെയ്താണ് പോകുന്നത്. ഇതിനു മുകളിൽ നിരത്തിയിട്ടുള്ള കോൺക്രീറ്റ്സ്ളാബ് ഇടിഞ്ഞു താഴ്ന്നതാണ് ഗർത്തമുണ്ടാകാൻ കാരണം.

സ്ളാബ് നിൽക്കുന്ന കരിങ്കൽ കെട്ടിന് കേടുപാടുകൾ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഗർത്തമറിയാതെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. പെരുമ്പാവൂർ, കോലഞ്ചേരി ഭാഗത്തേയ്ക്ക് ബസുകളടക്കം നിരവധി വാഹനങ്ങൾ പ്രതിദിനം കടന്നി പോകുന്ന റോഡിലെ കലുങ്ക് അടിയന്തരമായി അറ്റകുറ്റ പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.