കരുമാല്ലൂർ: കരുമാല്ലൂർ ഗ്രാമത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വളർച്ചയോടൊപ്പം ചേർന്ന് പ്രവർത്തിച്ച കരുമാല്ലൂർ എസ്.എസ്.എസ് കരയോഗത്തിന്റെ 85-ാമത് വാർഷികാഘോഷം ഇന്ന് നടക്കും. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. എ. സുരേശന്‍ ഉദ്ഘാടനം ചെയ്യും. അമ്പത് വർഷം പിന്നിട്ട ദമ്പതികളെ ആദരിക്കുന്നതുൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

1936ൽ 960-ാം നമ്പറായാണ് കരയോഗം രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ ചില മേഖകളിൽ മാത്രമായിരുന്ന പ്രവർത്തനം ഒരു പതിനാറ്റാണ്ടിന് ശേഷം കൂടുതൽ സജീവമായി. 1947ലെ ഭരണസമിതിയുടെ പ്രവർത്തനമാണ് ഇന്നുള്ള മൂലധനത്തിന്റെ മുഖ്യപങ്കും. തട്ടാംപടിയിലെ ചെറിയ വാടകമുറിയിൽ പ്രവർത്തിച്ചു കൊണ്ട് പിടിയിരിപ്പിരിവും കെട്ടുതേങ്ങയും അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച് സാമ്പത്തിക ഭദ്രതനേടുകയും സ്വന്തമായി മന്ദിരം നിർമ്മിക്കാനുള്ള ഭൂമി വാങ്ങി. 1962ൽ മന്ദിരത്തിന് ശിലയിട്ട് മൂന്ന് വർഷത്തിനുള്ളിൽ ആസ്ഥാനമന്ദിരം നിർമ്മിച്ചു. കെട്ടുറപ്പുള്ള ഭരണസമിതിയും സ്വന്തമായി ആസ്ഥാനമന്ദിരവും കരയോഗത്തിന്റെ വേഗത്തിലുള്ള വളർച്ചയ്ക്ക് കാരണമായി. പിന്നീട് തട്ടാംപടിയിൽ ഓഡിറ്റോറിയവും പഴയ ആസ്ഥാനമന്ദിരം പൊളിച്ച് വ്യാപരസമുച്ചയും നിർമ്മിച്ചു. ഇതിന് ശേഷം മനയ്ക്കപ്പടിയിൽ വ്യാപാരസമുച്ചയും കരയോഗം സ്വന്തമാക്കി.