
ആലുവ: വ്യവസായ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭകത്വ വർഷത്തിന്റെ ഭാഗമായി 2022 - 23 സാമ്പത്തിക വർഷം ആലുവ മണ്ഡലത്തിൽ 413 സംരംഭങ്ങൾ ആരംഭിച്ചു.
മണ്ഡലത്തിലെ പഞ്ചായത്തുകളിലും ആലുവ നഗരസഭയിലുമായി 1098 സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 37 ശതമാനം സംരംഭങ്ങളാണ് ഇതിനകം ആരംഭിച്ചതെന്ന് തായി അവലോകന യോഗം വിലയിരുത്തി. നഗരസഭയിലും പഞ്ചായത്തുകളിലും ജനറൽ ഓറിയന്റേഷൻ പ്രോഗ്രാമുകളും വായ്പ മേളകളും പൂർത്തിയായി.
സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് സഹായത്തിനായി എല്ലാ പഞ്ചായത്തുകളിലും ഹെൽപ്പ് ഡസ്‌ക്കുകൾ ആരംഭിച്ച്, ഇന്റേൺണുകളെ നിയമിച്ചു. ആലുവ നഗരസഭയിൽ 67, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 44, ചൂർണിക്കര 52, എടത്തല 72, കാഞ്ഞൂർ 37, കീഴ്മാട് 46, നെടുമ്പാശ്ശേരി 60, ശ്രീമൂലനഗരം 35 വീതം സംരംഭങ്ങളാണ് ആരംഭിച്ചത്.
ആലുവ നിയോജകമണ്ഡല തല അവലോകനയോഗവും ശില്പശാലയും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എസ്. ഷീബ മുഖ്യപ്രഭാഷണം നടത്തി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദ്, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി മാർട്ടിൻ, ആലുവ ഉപകേന്ദ്രം വ്യവസായ ഓഫീസർ ഹേമ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
.