മട്ടാഞ്ചേരി: 616 കിലോമീറ്റർ വരുന്ന കോവളം ബേക്കൽ ജലപാത പൂർത്തിയാകുന്നതോടെ ജലഗതാഗത രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കൊച്ചിയിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ആധുനിക സൗകര്യങ്ങളോടെ കാറ്റാമറൈൻ ബോട്ട് നീറ്റിലിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇന്ധനം ഉൾപ്പെടെയുള്ള ചരക്കുകളുടെ നീക്കം ജലപാത വരുന്നതോടെ റോഡിൽ നിന്ന് മാറ്റേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കെ. ജെ മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഒരേസമയം 100 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ മ്യൂസിക് സിസ്റ്റവും അനൗൺസ്‌മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിലവിൽ 20 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലും നിർമിച്ചിട്ടുള്ള ബോട്ടിന് ഏഴ് നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനാകും. മേയർ എം അനിൽകുമാർ, ടി.ജെ വിനോദ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരുന്നു.