
കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് നടപ്പിലാക്കുന്ന പേവിഷനിർമാർജന പദ്ധതി പ്രകാരം നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പ് മുടക്കുഴയിൽ ആരംഭിച്ചു. 24 വരെ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് നടക്കും. പേ വിഷബാധ പ്രതിരോധ കുത്തിവയ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ.അനിൽ, എ.കെ.സന്തോഷ്, കല എന്നിവർ സംസാരിച്ചു.
രായമംഗലത്ത്
രായമംഗലം ഗ്രാമപഞ്ചായത്ത് വളയൻചിറങ്ങര മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ വളർത്തുന്ന നായകൾക്കും പൂച്ചകൾക്കുമുള്ള പേവിഷപ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ സന്ധ്യജി.നായർ ക്യാമ്പിന് നേതൃത്വം നൽകി. കുത്തിവെയ്പ്പിനൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. ക്യാമ്പ് 26ന് അവസാനിക്കും. ക്യാമ്പിൽ എത്തിക്കാത്ത മൃഗങ്ങൾക്ക് മൃഗാശുപത്രിയിൽ കൊണ്ടുവന്ന് കുത്തിവെയ്പ്പ് നടത്താം. വളർത്തുനായ്ക്കൾക്കുള്ള ആദ്യ ഘട്ട കുത്തിവയ്പ്പിനുശേഷം രണ്ടാംഘട്ടമായി തെരുവുനായ്ക്കൾക്കുള്ള കുത്തിവെയ്പ്പ് നൽകും. കുത്തിവെയ്പ്പ് എടുത്ത എല്ലാ പൂച്ചകൾക്കും പഞ്ചായത്തുമായി ബന്ധപ്പെട്ട് ലൈസൻസ് എടുക്കണമെന്നും അധികൃതർ അറിയിച്ചു.