
കൊച്ചി: വന്ധ്യംകരണം, വാക്സിനേഷൻ കേന്ദ്രങ്ങളിൽ തെരുവ് നായ്ക്കളെ എത്തിക്കുന്ന മൃഗസ്നേഹികൾക്കും കിട്ടും 500 രൂപ പ്രതിഫലം. തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിന്ശേഷം സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിലാണ് ഈ കാര്യം പറയുന്നത്.
ജില്ല പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പ്രോഗ്രാം ഊർജ്ജിതമായി നടപ്പിലാക്കുന്നതിന് കഴിഞ്ഞമാസം 23ന് ഇറക്കിയ സർക്കാർ ഉത്തരവിന് പുറമെ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടകാര്യങ്ങളാണ് പുതിയ ഉത്തരവിലുള്ളത്.
തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽ ഒരുമാസത്തെ തീവ്ര വാക്സിനേഷൻ യജ്ഞം, തെരുവ് നായ്ക്കൾക്കും ഉപേക്ഷിക്കപ്പെട്ട നായകൾക്കുമായി അഭയകേന്ദ്രങ്ങൾ സജ്ജമാക്കൽ, ശുചിത്വ യജ്ഞം, ബോധവത്കരണ കാമ്പയിൻ (ഐ.ഇ.സി -ഇൻഫർമേഷൻ, എഡ്യൂക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ) എന്നിവയും നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
വാക്സിനേഷൻ യജ്ഞം
എല്ലാ തദ്ദേശ സ്ഥാപനങ്ങളും മൃഗക്ഷേമ സംഘടനകൾ റെസി. അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ ഈ മാസം 20 മുതൽ അടുത്തമാസം 20 വരെ വളർത്തുനായകൾക്കും തെരുവ് നായകൾക്കും സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം നടപ്പിലാക്കണം. മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്കാണ് കുത്തിവയ്പ്പ് ചുമതല. ഇതിന് ഫീസ് ഇല്ല.
ഓരോ പ്രദേശത്തെയും അനിമൽ ഫീഡേഴ്സിന്റെ സഹകരണത്തോടെ ഹാൻഡ് ക്യാച്ചിങ്ങിലൂടെ നായ്ക്കളെ പിടിക്കണം. പരിശീലനം സിദ്ധിച്ച ഡോഗ് ക്യാച്ചർമാരുടെ സേവനവും പ്രയോജപ്പെടുത്താം. 300 രൂപയാണ് ഡോഗ് ക്യാച്ചേഴ്സിനുള്ള പ്രതിഫലം. ഇതിന് പുറമെ പിടിക്കുന്ന നായ്ക്കളെ വാക്സിനേഷൻ, വന്ധ്യംകരണ കേന്ദ്രത്തിൽ എത്തിക്കുന്നതിന് 200 രൂപയും ചെലവഴിക്കാം. ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഹോട്ട് സ്പോട്ടുകൾ, സ്കൂൾ പരിസരങ്ങൾ, കുട്ടികൾ സഞ്ചരിക്കുന്ന വഴി എന്നിവിടങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് ഊർജ്ജിതമാക്കണം. ഇതിനായി സംസ്ഥാന, ജില്ല, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റികൾ അടിയന്തരമായി രൂപീകരിക്കണം.
സ്പെഷ്യൽ പ്രോജക്ട്
എ.ബി.സി, ഐ.ഇ.സി, വാക്സിനേഷൻ ചെലവുകൾക്കായി തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ 'സ്പെഷ്യൽ പ്രോജക്ട്' തയ്യാറാക്കി സുലേഖ സോഫ്ടുവെയറിൽ അപലോഡ് ചെയ്യണം. പൊതുവിഭാഗം, സാധാരണവിഹിതം, പതിനഞ്ചാം ധനകാര്യകമ്മിഷൻ ബേസിക് ഗ്രാന്റ്, തനത് ഫണ്ട് എന്നിവ ഈ ആവശ്യത്തിന് വിനിയോഗിക്കാം.