eecroad

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ പാതയോരങ്ങളിലെ തണൽ മരങ്ങൾ അപകട ഭീതിയുയർത്തുന്നു. തണൽമരങ്ങളുടെ ഒടിഞ്ഞുവീഴാറായ കൊമ്പുകളും മരം മുഴുവനായും നിലംപൊത്താനുള്ള സാധ്യതയുമാണ് ജനത്തെ ആശങ്കയിലാക്കുന്നത്.

മൂവാറ്റുപുഴ നഗരത്തിലെ ചാലിക്കടവ് ജംഗ്ഷന് സമീപവും നെഹ്രു പാർക്കിന് സമീപവും പ്രസ് ക്ലബ്ബ് റോഡിലും ഇ.ഇ.സി റോഡിലുമുള്ള തണൽമരങ്ങളാണ് ഭീതിപരത്തുന്നത്. ചാലിക്കടവ് ജംഗ്ഷന് സമീപം സഹകരണ ആശുപത്രിക്ക് മുന്നിലെ മരം ചെരിഞ്ഞ നിലയിലാണ്. ശക്തമായ കാറ്റ് വീശിയാൽ ഇത് നിലംപൊത്തും. ഇലക്ട്രിക് ലൈനിനു മുകളിലേക്കായിരിക്കും മരം വീഴുക. ഇതും ദുരന്ത സാധ്യത കൂട്ടുന്നു.

ഇ.ഇ.സി മാർക്കറ്റ് റോഡിലെയും പ്രസ് ക്ലബ്ബ് റോഡിലെയും മരങ്ങളും ഇതേ അവസ്ഥയിലാണ്. ഇവിടങ്ങളിലും മരം ഇലക്ട്രിക് ലൈനിനു മുകളിലേക്ക് വീഴുന്നതിനോടൊപ്പം നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. ഇ.ഇ.സി മാർക്കറ്റ് റോഡ് ബൈപാസ് ആയതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന സഞ്ചരിക്കുന്നത്. റോഡിലേക്ക് മരം മറിഞ്ഞാൽ വൻ ദുരന്തത്തിനാകും വഴിവയ്ക്കുക. അപകട ഭീഷണി ഉയർത്തുന്ന മരങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.