
അങ്കമാലി: മഴക്കാലം തുടങ്ങിയശേഷം അങ്കമാലി മേഖലയിൽ പാമ്പുകടിയേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുന്നൂറിലധികം പേരാണ് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ മാത്രം പാമ്പുകടിയേറ്റ് ചികിത്സയ്‌ക്കെത്തിയത്. ഈ സാഹചര്യത്തിൽ അങ്കമാലി എൽ.എഫ് ആശുപത്രിയിലെ വിഷചികിത്സാ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തുന്നതിന് ജർമനിയിലെ ഹൈഡൽബർഗ് യൂണിവേഴ്‌സിറ്റിയിലെ ഇൻഫെക്ഷിയസ് ഡിസീസസ് വിഭാഗം മേധാവി പ്രൊഫ.ടി.തോമസ് ജഫ്, സ്വിറ്റ്‌സർലൻഡിലെ ബാസ്‌ക് ടി.പി.എച്ചിലെ ഡോ. മൗരോ ബോഡിസ് എന്നിവർ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തി. ആശുപത്രിയിലെ വിഷചികിത്സാ തീവ്രപരിചരണ വിഭാഗത്തിലെ മെഡിക്കൽ സംഘവുമായി ഇവർ ചർച്ച നടത്തി.
ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ ഗവേഷണ പഠനങ്ങളെ തുടർന്നാണ് മുഴമൂക്കൻ എന്ന പാമ്പിന് വിഷമുണ്ടെന്ന് കണ്ടെത്തിയതെന്ന് സീനിയർ ഫിസിഷ്യനും നെഫ്രോളജിസ്റ്റും വിഷ ചികിത്സാ വിദഗ്ദ്ധനുമായ ഡോ.ജോസഫ് കെ. ജോസഫ് പറഞ്ഞു. കടിയേറ്റയാളുടെ രക്തപരിശോധന നടത്തി കടിച്ചത് ഏതുതരം പാമ്പാണെന്ന് തിരിച്ചറിയാനുള്ള പഠനം കേരള യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് പുരോഗമിക്കുന്നുണ്ട്.