
ആലുവ: മുപ്പത്തടം ജലശുദ്ധീകരണശാല ജനത്തിന് ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപം. വ്യാപകമായ കുടിവെള്ള ചോർച്ചയും പരാതി പരിഹരിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതുമാണ് ജനത്തെ വലയ്ക്കുന്നത്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി.
പലയിടങ്ങളിലും ആഴ്ച്ചകളായി ഭൂഗർഭ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴായിട്ടും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. കടുങ്ങല്ലൂർ, ആലങ്ങാട്, കരുമല്ലൂർ പഞ്ചായത്തുകളിലേക്കും കടമക്കുടിയിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്ന പമ്പിംഗ് സ്റ്റേഷനിൽ അസി. എൻജിനിയർ തസ്തികയിൽ ഉദ്യോഗസ്ഥരില്ല. മറ്റൊരു സ്റ്റേഷനിലെ ഉദ്യോഗസ്ഥന് അധിക ചുമതല നൽകിയിരിക്കുന്നതിനാൽ പ്രദേശങ്ങളിലെ കുടിവെള്ള വിതരണം കുത്തഴിഞ്ഞ നിലയിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു. കുടിശിക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിട്ടി കരാറുകാർ മൂന്നാഴ്ച്ചയിലേറെയായി സമരത്തിലാണ്. അതിനാൽ നിരവധി കേന്ദ്രങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. അറ്റകുറ്റപ്പണിക്ക് ബദൽ സംവിധാനം ഏർപ്പെടുത്താനോ സമരം പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്താനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകുന്നില്ല. പൈപ്പ് പൊട്ടി വെള്ളം നിരന്തരം ചോരുന്നത് റോഡുകളുടെ തകർച്ചയ്ക്കും കാരണമാകുന്നുണ്ട്. ഇതിന്റെ പേരിൽ പി.ഡബ്ളിയു.ഡി - വാട്ടർ അതോറിട്ടി പോരും മുറുകുകയാണ്. വേനൽ കടുക്കുമ്പോൾ ജനം കുടിവെള്ളത്തിനായി ഇതിലേറെ നെട്ടോട്ടം ഓടേണ്ട അവസ്ഥയാകുമെന്നാണ് ആശങ്ക.
വാട്ടർ അതോറിറ്റിക്ക് മുന്നിൽ കോൺഗ്രസ് ഉപരോധം
കടുങ്ങല്ലൂരിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മുപ്പത്തടം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. വി.ജി. ജയകുമാർ, ഓമന ശിവശങ്കരൻ, കെ.എസ്.നന്മദാസ്, സഞ്ജു വർഗീസ്, കെ.പി.ഷാജഹാൻ, ഐ.വി.ദാസൻ, ഗോപാലകൃഷ്ണൻ, മനൂപ് അലി, ജോസഫ് ചൗക്ക, അബ്ദുൾ സലാം, കെ.കെ. കാർത്തികേയൻ, അശോകൻ, പി.കെ.സുനീർ, കെ.ബാവ എന്നിവർ നേതൃത്വം നൽകി.