ആലുവ: മനുഷ്യാവകാശങ്ങളുടെ പേരിൽ പല സംഘടനകളും വ്യക്തികളും പെതുജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടപടിയാരംഭിച്ചതായും ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പറഞ്ഞു. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതിയുടെ 24 -ാമത് വാർഷിക സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ സമൂഹനന്മമാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്നും അത്തരം പ്രവർത്തനമാണ് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സി.എം. അബ്ദുൾ വഹാബ് അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ വിഷ്ണുരാജ് മുഖ്യാതിഥിയായിരുന്നു. സൗജന്യ നിയമസഹായവേദിയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. തഹസിൽദാർ സുനിൽ മാത്യു വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു.
ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എം.എൻ. ഗോപി, എം.കെ.എ ലത്തീഫ്, ഡൊമിനിക്ക് കാവുങ്കൽ, പി.എ. ഹംസകോയ, സെക്രട്ടറി സാബു പരിയാരത്ത്, കൺവീനർ സി.ബി. നായർ, ട്രഷറർ എ.വി. റോയി എന്നിവർ പ്രസംഗിച്ചു.
ഡോ. സി.എം. ഹൈദരാലി, ഡോ. എം. അബ്ബാസ്, എം.പി. ജോസഫ്, രാജീവ് പള്ളുരുത്തി, ഡോ. തംജീത് നൗഫൽ, ടി.എസ്. അലികുഞ്ഞ്, ശ്രീമൂലം മോഹൻദാസ്, എസ്.എ. രാജൻ, എം.എ. കുഞ്ഞുമോൻ, അബ്ദുൾ സലീം, ഷംസുദ്ദീൻ എന്നിവരെ ആദരിച്ചു.