വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ മൂന്ന്, നാല്, ഏഴ് വാർഡുകളിലൂടെ കടന്നുപോകുന്ന കർത്തേടം പടിഞ്ഞാറെ ആറാട്ടുവഴി റോഡ് നിർമാണത്തിന് ഭരണാനുമതി. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചതാണ് ഇക്കാര്യം.

വർഷങ്ങളായി തകർന്നുതരിപ്പണമായി കാൽനട പോലും ദുഷ്‌കരമായ വരുന്ന 1300 മീറ്റർ ദൈർഘ്യമുള്ള റോഡിനാണ് ശാപമോക്ഷത്തിന് വഴിയൊരുങ്ങിയത്. റോഡ് പുനർ നിർമിക്കുന്നതിന് 1.11 കോടി രൂപ അനുവദിച്ച് ഇന്നലെ ഉത്തരവ് പുറത്തിറങ്ങി.
മഴക്കാലത്ത് യാത്ര തീർത്തും അസാധ്യമായ റോഡിന്റെ പുനരുദ്ധാരണം,​ ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഗ്രാമ പഞ്ചായത്ത് ഏറ്റെടുക്കാതിരിക്കുകയും ഇടപ്പളി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും കയ്യൊഴിയുകയും ചെയ്തതോടെയാണ് എം.എൽ.എ ഇടപെട്ടത്. എം.എൽ.എ.യുടെ നിർദ്ദേശത്തെത്തുടർന്നാണ് ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. മുൻ ഫിഷറീസ് മന്ത്രി സജി ചെറിയാനെയും ഇപ്പോഴത്തെ മന്ത്രി വി. അബ്ദുറഹിമാനെയും നേരിൽക്കണ്ട് പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത എം.എൽ.എ ബോധ്യപ്പെടുത്തിയിരുന്നു.