p-rajeev

ആലുവ: തായിക്കാട്ടുകര എസ്.പി.ഡബ്‌ളിയു ഹൈസ്‌കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ഷീല ജോസ്, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഹെഡ്മിസ്ട്രസ് ഒ.ബി.ലീന, പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് കെ.എ.മായിൻകുട്ടി, സെക്രട്ടറി കെ.എസ്.അനിൽകുമാർ, അബ്ബാസ് മട്ടുമ്മൽ, വാർഡ് അംഗം ലീന ജയൻ എന്നിവർ സംസാരിച്ചു.

ആലുവയിലെ ആദ്യകാല വ്യവസായശാലയായ സ്റ്റാൻഡേർഡ് പോട്ടറീസ് കമ്പനി 1948 ജൂൺ ഏഴിന് മൂന്ന് അദ്ധ്യാപകരും 40 വിദ്യാർത്ഥികളുമായി തുടക്കമിട്ടതാണ് സ്കൂൾ. കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വേണ്ടിയാണ് സ്‌കൂൾ തുടങ്ങിയതെങ്കിലും പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മനസിലാക്കി നാട്ടിലെ കുട്ടികൾക്കും പ്രവേശനം നൽകുകയായിരുന്നു. നിലവിൽ ദേശായി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് സ്‌കൂൾ. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.