ഭക്ഷ്യസുരക്ഷാ കമ്മിഷൻ ഇടപെടണമെന്ന് റേഷൻ വ്യാപാരികൾ
മട്ടാഞ്ചേരി: മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഈമാസം വിതരണത്തിന് ആവശ്യമായ സ്‌റ്റോക്കില്ലെന്നും വിഷയത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷൻ ഇടപെടണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടു.
ഭക്ഷ്യ ഭദ്രതാനിയമം നടപ്പാക്കിയ സംസ്ഥാനത്ത് റേഷൻ ഭാഗികമായി വിതരണം ചെയ്യാനാവില്ല. മുൻഗണനാ വിഭാഗം കാർഡുകാരുടെ ഗോതമ്പിൽ നിന്ന് ഒരു കിലോ കുറച്ച് ഓരോ കാർഡിനും 925 ഗ്രാമിന്റെ ഒരു പാക്കറ്റ് ആട്ടയാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് നൽകുന്നത്. റേഷൻ വാങ്ങാനെത്തുമ്പോൾ ആവശ്യത്തിന് ആട്ട സ്റ്റോക്കില്ലാത്തതിനാൽ പല ഉപഭോക്താക്കൾക്കും ആട്ടയുടെ വിഹിതവും നഷ്ടപ്പെടുകയാണ്. ഗോതമ്പിന് പകരം ആട്ട നൽകുന്നത് വൻകിട ആട്ട മില്ലുകാരുടെ സമ്മർദ്ദത്താലാണെന്ന ആക്ഷേപവുമുണ്ട്.
ഭക്ഷ്യ ഭദ്രതാനിയമത്തിൽ ഉൾപ്പെട്ടവരുടെ ഈ മാസത്തെ റേഷൻ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷൻ ഇടപെടണമെന്ന് ഓൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവർ ആവശ്യപെട്ടു.
അരിയും ഗോതമ്പും
മുൻഗണനാവിഭാഗം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ വീതം അരിയും ഒരു കിലോ ഗോതമ്പുമാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ, റേഷൻകടയിലേക്ക് വിതരണത്തിന് ലഭിച്ചത് മൂന്ന് മുതൽ മൂന്നരക്കിലോ വീതം അരിയാണെന്നാണ് ആക്ഷേപം.