gothuruth-vallamkali-a
ഗോതുരുത്ത് വള്ളംകളിമത്സരത്തിൽ എ ഗ്രേഡ് ഫൈനൽ

പറവൂർ: ഗോതുരുത്ത് വള്ളംകളി മത്സരത്തിൽ പൊഞ്ഞനത്തമ്മ നമ്പർ വൺ, മയിൽപ്പീലി എന്നിവർ ജേതാക്കളായി. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ്ബ് കൊച്ചിൻ ടൗണിന്റെ താണിയനെ പരാജയപ്പെടുത്തിയാണ് പാടൂർ യുവജന കലാസമിതിയുടെ പൊഞ്ഞനത്തമ്മ കിരീടം നേടിയത്. ബി ഗ്രേഡ് ഫൈനലിൽ സത്താർ ഐലൻഡ് ഗരുഡ ബോട്ട് ക്ലബിന്റെ മയിൽപ്പീലി ഗോതുരുത്ത് ജി.ബി.സിയുടെ ഗോതുരുത്ത് വള്ളത്തെ പരാജയപ്പെടുത്തി.

എ ഗ്രേഡ് ഫൈനൽ മത്സരത്തിനിടെ ട്രാക്കിലേക്ക് കയറിയ വള്ളത്തിൽ ഇടിച്ച് താണിയൻ മറിഞ്ഞു. മൂത്തകുന്നം ഭാഗത്തെ ട്രാക്കിലൂടെ വരുമ്പോഴാണ് മറ്റൊരു വള്ളം കുറുകെവന്നത്. ഇടിച്ചതോടെ താണിയന്റെ മുന്നിലെ ചുരുൾ തെറിച്ചുപോകുകയും തുഴച്ചിൽക്കാർ വെള്ളത്തിൽ വീഴുകയും ചെയ്തു. ആർക്കും പരിക്കില്ല. താണിയൻ വള്ളത്തിന്റെ ചുമതലക്കാരും സംഘാടകരും തമ്മിൽ തർക്കമുണ്ടായി. പൊലീസ് ട്രാക്കിലേക്ക് കയറിയ വള്ളത്തെയും തുഴച്ചിൽക്കാരെയും കസ്റ്റഡിയിലെടുത്തു. ഇതോടെ സംഘർഷാവാസ്ഥയ്ക്ക് അയവുവന്നു.

എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിലായി ഗോതുരുത്തുപുത്രൻ, താണിയൻ, വെണ്ണയ്ക്കല്ലമ്മ, പുത്തൻപറമ്പിൽ, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, ഹനുമാൻ ഒന്നാമൻ, തുരുത്തിപ്പുറം എന്നിവ എ ഗ്രേഡിലും ചെറിയപണ്ഡിതൻ, ശ്രീമുരുകൻ, കാശിനാഥൻ, മയിൽപ്പീലി, മയിൽവാഹനൻ, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, ഹനുമാൻ രണ്ടാമൻ, ഗോതുരുത്ത് എന്നിവ ബി ഗ്രേഡിലും മത്സരത്തിൽ പങ്കെടുത്തു.

മന്ത്രി പി. രാജീവ് ജലോത്സവം ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ആന്റണി അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് പതാക ഉയർത്തി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ തുഴകൈമാറി. ഹോളിക്രോസ് പള്ളി വികാരി ഫാ. ഷിജു കല്ലറയ്ക്കൽ ട്രാക്ക് ആശീർവദിച്ചു. വള്ളംകളി സ്പോൺസറായ ആലുവ മാഷർ 04 ജോബ് കൺസൽട്ടന്റ് മാനേജിംഗ് ഡയറക്ടർ മാർട്ടിൻ ഡാനിയേൽ ഫ്ലാഗ്ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത്അംഗം എ.എസ്. അനിൽകുമാർ, സിംന സന്തോഷ്, കെ.എസ്. സനീഷ്, ദിവ്യ ഉണ്ണിക്കൃഷ്ണൻ, രശ്മി അനിൽകുമാർ, ഡി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളി ജേതാക്കൾക്ക് ട്രോഫി നൽകി.