അഭിമാനത്തിന്റെ വാത്സല്യ നിമിഷം...കേരള ബാർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുതിയ അഭിഭാഷകരുടെ എൻറോൾമെന്റ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ബാബുവിൽനിന്ന് എൻറോൾമെന്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി മടങ്ങുന്ന മകൾ വൃന്ദ ബാബു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ. അനിൽകുമാർ, എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്.കെ. പ്രമോദ് എന്നിവർ സമീപം.ഫോട്ടോ:എൻ.ആർ.സുധർമ്മദാസ്
കൊച്ചി: ഇന്നലെ കേരള ഹൈക്കോടതിയിൽ നടന്ന സന്നത്ദാനച്ചടങ്ങിൽ സ്വന്തം അച്ഛന്മാരിൽ നിന്ന് എൻറോൾമെന്റ് സർട്ടിഫിക്കറ്റ് സ്വീകരിച്ച് രണ്ടു പേർ അഭിഭാഷകരായി. എറണാകുളം രവിപുരം സ്വദേശി വൃന്ദ ബാബുവിന് അച്ഛൻ ജസ്റ്റിസ് കെ. ബാബുവും എറണാകുളം സ്വദേശി എ.ആർ. അമലിന് അച്ഛൻ ജസ്റ്റിസ് പി.ജി. അജിത്കുമാറുമാണ് എൻറോൾമെന്റ് സർട്ടിഫിക്കറ്റ് നൽകിയത്.
നാല് സെഷനുകളിലായി നടന്ന ചടങ്ങിൽ, ആദ്യ സെഷനിൽ ആദ്യം വേദിയിലെത്തിയാണ് വൃന്ദ അച്ഛന്റെ കൈയിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. അമ്മ സന്ധ്യയും സഹോദരനും വേദിയിലുണ്ടായിരുന്നു. അച്ഛനിലെ അഭിഭാഷകനെ കണ്ടുവളർന്ന തനിക്ക് അച്ഛനിൽ നിന്നു തന്നെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനായതിൽ വളരെ സന്തോഷമുണ്ടെന്ന് വൃന്ദ പറഞ്ഞു. അച്ഛനാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് നേരത്തേ അറിഞ്ഞിരുന്നെന്നും തന്റെ സുഹൃത്തുക്കൾക്കും അച്ഛൻതന്നെ സർട്ടിഫിക്കറ്റ് നൽകിയതിൽ ഏറെ അഭിമാനം തോന്നിയെന്നും വൃന്ദ പറഞ്ഞു. എറണാകുളത്ത് താമസിക്കുന്ന കൊല്ലം സ്വദേശിയായ വൃന്ദ തിരുവനന്തപുരം ലാ അക്കാഡമിയിലെ 2017–2022 ബാച്ചിലാണ് അഭിഭാഷകപഠനം പൂർത്തിയാക്കിയത്.
മൂന്നാമത് സെഷനിലാണ് അമൽ അച്ഛൻ ജസ്റ്റിസ് അജിത്കുമാറിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. അമ്മ വി.എം. രമ ചടങ്ങിനെത്തിയിരുന്നു. തിരുച്ചിറപ്പിള്ളി നാഷണൽ ലാ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് അമൽ അഭിഭാഷകപഠനം പൂർത്തിയാക്കിയത്. അച്ഛന്റെ കൈയിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് അമൽ പറഞ്ഞു.
ചടങ്ങിൽ 1038 പേർ അഭിഭാഷകരായി സത്യപ്രതിജ്ഞ ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.