
കളമശേരി: നിരവധി കായികപ്രതിഭകളെ രാജ്യത്തിന് സംഭാവനചെയ്‌ത പെരുമയുണ്ട് ഏലൂരിന്. പക്ഷേ, ഏലൂർ നഗരസഭയ്ക്ക് ഇന്നും സ്വന്തമായൊരു കളിക്കളം സ്വപ്‌നം മാത്രം! പാതാളം ഗവ.ഹൈസ്കൂളിലെ കളിക്കളനടത്തിപ്പ് ചുമതല മാത്രമാണ് നഗരസഭയ്ക്കുള്ളത്.
കുട്ടികൾക്കും യുവാക്കൾക്കുമായി മൂന്ന് കളിക്കളങ്ങൾ ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ പറയുന്നു. പക്ഷേ, ഇതുവരെ സ്വന്തമായി സ്ഥലംവാങ്ങിയിട്ടില്ല. ഏലൂരിൽ പൊതുമേഖലയുടെ കീഴിൽ ഏഴോളം കളിക്കളങ്ങളുണ്ട്.
പുതിയ കളിക്കളം
മഞ്ഞുമ്മൽ കോട്ടക്കുന്ന്, കുറ്റിക്കാട്ടുകര പുതിയ റോഡ് ഗവ.യു.പി.സ്കൂൾ ഗ്രൗണ്ട്, കുഴിക്കണ്ടം തോടിന് സമീപത്തെ എസ്.സി കോളനി എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഡിയങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. ആധുനിക ടർഫുകളായിരിക്കും പാതാളം ഗവ.ഹൈസ്കൂളിനോട് ചേർന്നുള്ള ഗ്രൗണ്ടിലുൾപ്പെടെ നിർമ്മിക്കുക. ഏലൂർ വടക്കുംഭാഗത്ത് കളിക്കളത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുന്നു.
പി.ടി സാറില്ലാത്ത സ്കൂൾ
ഗവ.ഹൈസ്കൂളിൽ ഫുട്ബാൾ, വോളിബാൾ, ബാസ്ക്കറ്റ്ബാൾ, ടെന്നി കൊയ് എന്നിവ പരിശീലിക്കാനുള്ള സൗകര്യങ്ങളുണ്ടെങ്കിലും പി.ടി. മാസ്റ്ററില്ല. രണ്ടു വർഷമായി കായിക അദ്ധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
ഫാക്‌ടിന്റെ പിന്തുണ
വോളിബാൾ, ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ക്രിക്കറ്റ്, കരാട്ടെ, സൈക്കിൾപോളോ, കബഡി, ഷട്ടിൽ ബാഡ്മിന്റൺ, ടെന്നീസ്, ടേബിൾ ടെന്നീസ്, അത്‌ലറ്റിക്സ്, ഹാൻഡ്ബാൾ, സെപക്‌താക്രോ തുടങ്ങിയ ഇനങ്ങളിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ വിജയം കൈവരിച്ച കായിക താരങ്ങൾ കളിച്ചുവളർന്നത് ഏലൂരിലെ വിവിധ ഗ്രൗണ്ടുകളിലാണ്.
ഫാക്ട് നൽകിയ പ്രോത്സാഹനവും ഫാക്ടിന്റെ കളിക്കളങ്ങളുമാണ് കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ മുൻപന്തിയിൽ നിന്നത്. നിരവധി സ്പോർട്സ് സംഘടനകളും കായിക അക്കാഡമികളും വിദഗ്ദ്ധ പരിശീലനങ്ങളും പിന്തുണയും നൽകുന്നുണ്ടെങ്കിലും നിർദ്ധന കുടുംബങ്ങളിലെ കായിക പ്രതിഭകൾക്ക് സൗജന്യ പരിശീലനത്തിനുള്ള സൗകര്യങ്ങളുടെ അഭാവം നിലനിൽക്കുന്നുണ്ട്. മുനിസിപ്പാലിറ്റി സൗകര്യങ്ങൾ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് കായിക താരങ്ങൾ.
2022-23ലെ ഏലൂർ നഗരസഭാ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്:
കളിസ്ഥലം വാങ്ങൽ, കായിക താരങ്ങൾക്ക് ധനസഹായം, അവധിക്കാല കോച്ചിംഗ് ക്യാമ്പ്, സ്പോർട്സ് ഉപകരണ വിതരണം, ഓപ്പൺ ജിം.
''മുനിസിപ്പൽതല പദ്ധതികളുടെ ചർച്ചകൾ തുടങ്ങിയിട്ടില്ല. ആശയങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ടർഫ് നിർമ്മിച്ചാൽ കൃത്യമായ പരിപാലനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടിവരും""
പി.കെ.സുഭാഷ്,
നഗരസഭാ സെക്രട്ടറി
''കേന്ദ്ര-സംസ്ഥാന പൊതുമേഖലകളുടെ വികസനത്തിനുവേണ്ടി സ്ഥലങ്ങൾ വിട്ടു കൊടുക്കേണ്ടി വന്നതിനാൽ കളിക്കളങ്ങൾ കൂടുതലും വ്യവസായ സ്ഥാപനങ്ങളുടെ അധീനതയിലാണ്. ടൂർണമെന്റുകൾ നടത്തണമെങ്കിലും നാട്ടുകാർക്ക് കളിക്കണമെങ്കിലും കനത്തഫീസ് അടയ്ക്കണം""
പി.ബി.ഗോപിനാഥ്,
മുൻ ഫുട്ബാൾ താരം, കൗൺസിലർ
''ടി.സി.സിയുടെ മുന്നിലെ ഫാക്ടിന്റെ വെറുതെകിടക്കുന്ന സ്ഥലം കളിക്കളമാക്കാൻ നഗരസഭ ഇടപെടണം""
ഏലൂർ ഗോപിനാഥ്, പ്രസിഡന്റ്,
വ്യാപാരി വ്യവസായി ഏകോപന സമിതി