കൊച്ചി: കുടിവെള്ളം കിട്ടാക്കനിയായതോടെ കെ.പി. വള്ളോൻ റോഡിന് സമീപത്തെ വീടുകളിൽ നിന്ന് വാടക്കാർ കൂട്ടത്തോടെ കൂടൊഴിയുന്നു. പത്തോളം വീട്ടുകാർ ഇതിനതം ഒഴിഞ്ഞുപോയെന്ന് റെസിഡൻസ് അസോസിയേഷൻ വ്യക്തമാക്കി.
ഒരുവർഷത്തോളമായി ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ടാങ്കറിൽ വെള്ളമെത്തിച്ചാണ് പലപ്പോഴും പ്രാഥമികകാര്യങ്ങൾ പോലും നടത്തുന്നത്. ജല അതോറിറ്റി റോഡ് പൊളിച്ച് പരിശോധന നടത്തിയെങ്കിലും കുടിവെള്ളമെത്തിക്കാൻ ഇതുവരെ നടപടിയായില്ല. കുത്തിപ്പൊളിച്ച റോഡ് നന്നാക്കാതെ കുണ്ടും കുഴിയുമായത് കൂടുതൽ ദുരിതവുമായി. റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനക്കാർക്ക് അപകടം ഉണ്ടാകുന്നത് പതിവായി. മൂന്നുമാസം മുമ്പാണ് റോഡ് പൊളിച്ചത്.
500 ഓളം വീടുകളാണ് കുടിവെള്ളക്ഷാമത്താൽ വലയുന്നത്. കൊച്ചി കോർപ്പറേഷനിലെ 55, 56, 57 വാർഡുകൾ ഈ പ്രദേശത്താണ്. പ്രശ്നപരിഹാരത്തിന് മേയർ, കളക്ടർ, ജല അതോറിറ്റി അധികൃതർ എന്നിവർക്ക് പരാതി നൽകിയെങ്കിലും ശാശ്വത നടപടിയുണ്ടായില്ല. സുലഭമായി വെള്ളം ലഭിച്ചിരുന്ന പ്രദേശത്ത് പെട്ടന്നൊരു സുപ്രഭാതത്തിലാണ് വെള്ളം ഇല്ലാതായത്. ഇതിൽ അന്വേഷണം വേണമെന്ന് ഈ പ്രദേശത്തുകാർ പറയുന്നു.
4 പതിറ്റാണ്ടിന്റെ പൈപ്പ്
44 വർഷം മുമ്പ് സ്ഥാപിച്ച പൈപ്പുകളിൽ പല സ്ഥലങ്ങളിലും ചോർച്ചയുണ്ട്. ഇത് പരിഹരിച്ചാലേ വെള്ളമെത്തൂ എന്നാണ് ജല അതോറിറ്റിയുടെ വാദം. ഇതിനായി റോഡ‌് പൊളിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചപ്പോഴാണ് റോഡ് പുനർനിർമ്മാണ ഫണ്ടില്ലാതെ റോഡ് പൊളിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് കൗൺസിലർമാരായ മാലിനി കുറുപ്പ്, അഞ്ജന, സുജ ലോനപ്പൻ എന്നിവർ രംഗത്തെത്തിയത്. തുടർന്ന് പ്രവർത്തനം നിറുത്തിവച്ചു. ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗങ്ങൾ നടത്തിയെങ്കിലും പരിഹാരമായില്ല.
''കൗൺസിലമാർ എതിർത്തതിനാലാണ് പൈപ്പിടൽ പ്രവർത്തനം നിറുത്തിവച്ചത്. കോർപ്പറേഷനിൽ നിന്ന് അനുമതി ലഭിച്ചാൽ നിർമ്മാണം ആരംഭിക്കും""
രാജേഷ് ലക്ഷ്മൺ,
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ,
ജല അതോറിറ്റി
''പുനർനിർമ്മാണ ഫണ്ട് ഇല്ലാതെ റോഡ് പൊളിച്ചാൽ പിന്നീട് റോഡ് നന്നാക്കുന്നതിനുള്ള ഉത്തരവാദിത്വം ആരും ഏറ്റെടുക്കില്ല. മാത്രമല്ല, റോഡ് പൊളിച്ച് പൈപ്പിട്ടാൽ വെള്ളം വരുമെന്ന ഉറപ്പും ജല അതോറിട്ടിക്കില്ല""
സുജ ലോനപ്പൻ,
കൗൺസിലർ
''കുടിവെള്ള ക്ഷാമത്തിനും യാത്രാദുരിതത്തിനും പരിഹാരം കാണണം. അല്ലെങ്കിൽ എല്ലാ റസിഡൻസ് അസോസിയേഷൻ പ്രവർത്തകരെയും ഉൾപ്പെടുത്തി സമരം ചെയ്യും""
പി.കെ. മുരളി,
സെൻട്രൽ റസിഡൻസ് അസോസിയേഷൻ,
കടവന്ത്ര