
കുറുപ്പംപടി: വേങ്ങൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊമ്പനാട് മൃഗാശുപത്രിയുമായി ചേർന്ന് നടപ്പിലാക്കുന്ന പേവിഷ നിർമ്മാർജ്ജന പദ്ധതി പ്രകാരം നായ്ക്കളുടെ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് ആരംഭിച്ചു. 24 വരെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ക്യാമ്പ് നടക്കും. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി.കൃഷ്ണൻകുട്ടി, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, വിനു സാഗർ, വെറ്ററിനറി ഡോക്ടർ എഡിസൺ എന്നിവർ പങ്കെടുത്തു. ക്യാമ്പുകളിൽ വാക്സിനേഷൻ നൽകാൻ സാധിക്കാത്ത വളർത്തുമൃഗങ്ങളെ മൃഗാശുപത്രിയിൽ എത്തിച്ച് കുത്തിവയ്പ്പ് എടുക്കാം. ആദ്യം പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്കും പിന്നീട് തെരുവുനായ്ക്കൾക്കും കുത്തിവയ്പ് എടുക്കും. കുത്തിവെയ്പ്പ് എടുക്കുന്ന നായ്ക്കൾക്കും പൂച്ചകൾക്കും പഞ്ചായത്തിൽ നിന്നുള്ള ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.