mg

കൊച്ചി: എം.ജി.റോഡിലെ കാനകൾ പൊളിച്ചു പണിയേണ്ടിവരുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. റോഡിൽ നിന്ന് കാനയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ യാതൊരു സംവിധാനവുമില്ല. മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ (കെ.എം.ആർ.എൽ) നിർമ്മിച്ച കാനകളുടെ നിലവിലെ അവസ്ഥയാണിത്. വെള്ളക്കെട്ട് നിവാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച എം.ജി. റോഡിലെ കാനകൾ തുറന്നു പരിശോധിച്ചപ്പോഴാണ് ശോചനീയാവസ്ഥ വ്യക്തമായത്. കാന പുനർനിർമ്മാണത്തിന്റെ ആവശ്യകത മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും മേയർ പറഞ്ഞു.

 മൊബൈൽ വാക്സിനേഷൻ

കാമ്പയിൻ ഉടൻ

വളർത്തു നായ്ക്കൾക്കായി മൊബൈൽ വാക്സിനേഷൻ കാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷ്റഫ് പറഞ്ഞു. വന്ധ്യംകരിക്കാത്ത തെരുവുനായ്ക്കളെ സ്പോട്ടിൽ വാക്സിനേഷൻ ചെയ്യും. വളർത്തുനായ്ക്കൾക്ക് ലൈൻസ് നിർബന്ധമാക്കും. നഗരസഭയുടെ 21 ഹെൽത്ത് സർക്കിൾ ഓഫീസുകളിലും ലൈസൻസ് ലഭിക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.

 കാനകൾ ഇടക്കിടെ

വൃത്തിയാക്കും

കൊച്ചി കോർപ്പറേഷനിലെ കാനകൾ ഇനി മുതൽ ഇടയ്ക്കിടെ വൃത്തിയാക്കും. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോ​ഗത്തിലാണ് തീരുമാനം. സാധാരണ മൺസൂൺ കാലത്തിന് മുന്നോടിയായാണ് കാനകൾ വൃത്തിയാക്കുന്നത്. എന്നാൽ മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെയാണ് കാനകൾ ഇടയ്ക്കിടെ വൃത്തിയാക്കാൻ തീരുമാനിച്ചത്. കാനകളിലെ ചെളിയും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുന്നതിലൂടെ വെള്ളക്കെട്ട് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
എറണാകുളം സെൻട്രൽ, ബാനർജി റോഡ്, നോർത്ത് എന്നീ ഡിവിഷനുകളിലെ കാനകളാണ് ആദ്യം വൃത്തിയാക്കുന്നതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.

ടെൻഡർ നടപടികൾ ഒഴിവാക്കി ഹെൽത്ത് ഇൻസ്പെക്ടർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ, കൗൺസിലർ എന്നിവരുടെ മേൽനോട്ടത്തിൽ ജനപങ്കാളിത്തത്തോടെയാകും വൃത്തിയാക്കൽ. കാനകൾ വൃത്തിയാക്കാനും കോരിയെടുക്കുന്ന ചെളി നിക്ഷേപിക്കാനുള്ള ഇടങ്ങൾ കണ്ടെത്താനും ഈ സ്ഥലങ്ങളിലേക്ക് ചെളി നീക്കം ചെയ്യാനും ചെലവാകുന്ന തുക എത്രയെന്ന് വിലയിരുത്തും. 18 ഡിവിഷനുകളിൽ പരീക്ഷണാർത്ഥത്തിൽ കാനകൾ വൃത്തിയാക്കുന്നത് തുടരും. ഇതനുസരിച്ച് മറ്റു ഡിവിഷനുകളിലെ കാന വൃത്തിയാക്കുന്നതിനുള്ള ചെലവ് കണക്കാക്കും.
തോടുകളുടെ മൗത്ത് വൃത്തിയാക്കലും ഉടൻ ആരംഭിക്കും. ആദ്യം കാരണക്കോടം മൗത്താണ് വൃത്തിയാക്കുന്നത്. ഇതിനുള്ള ചെലവ് കണക്കാക്കി മറ്റ് തോടുകളുടെ മൗത്ത് വൃത്തിയാക്കലും ആരംഭിക്കും. കാന, തോടു മൗത്ത് വൃത്തിയാക്കൽ പ്രവൃത്തികൾ എല്ലാ ആഴ്ചയും അസി.എക്സിക്യുട്ടീവ് എൻജിനിയർ വിലയിരുത്തണം. ഹോട്ടലുകളിൽ നിന്ന് ഒരു കാരണവശാലും ഫിൽറ്റർ ചെയ്ത വെള്ളമല്ലാതെ മറ്റു മാലിന്യങ്ങൾ കാനകളിലേക്ക് തള്ളാൻ അനുവദിക്കില്ലെന്നും മേയർ പറഞ്ഞു.