
കരുമാല്ലൂർ: കോട്ടപ്പുറം കെ.ഇ.എം ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥിയും കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പ് സ്വർണമെഡൽ ജേതാവുമായ എൽദോസ് പോളിനും പരിശീലകനും സ്കൂളിലെ കായിക അദ്ധ്യാപകനുമായ എം.പി. ബെന്നിക്കും പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വി.ബി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.
സ്കൂളിലെ സ്പോർട്‌സ് അക്കാഡമി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. അഞ്ച് മുതൽ ഒമ്പത് വരെ സ്കൂളിൽ താമസിച്ച് പഠിച്ചാണ് കായിക ജീവിതത്തിന് എൽദോപോൾ തുടക്കമിട്ടത്. എൽദോപോളിന് സ്കൂൾ മാനേജ്മെന്റ് ഒരുലക്ഷം രൂപയുടെ ഉപഹാരവും പൗരാവലിയും അദ്ധ്യാപകരും രക്ഷിതാക്കളും സംയുക്തമായി ബെന്നിക്ക് ഒരു പവന്റെ സ്വർണപ്പതക്കവും സമ്മാനിച്ചു.
ഉല്ലാസ് തോമസ്, എസ്. ശർമ്മ, വി.കെ. ഇബ്രാഹിം കുഞ്ഞ്, എം.കെ. ബാബു, പി.എം. മനാഫ്, ശ്രീലത ലാലു, കെ.വി. രവീന്ദ്രൻ, കെ.എം. ദിനകരൻ, എം.ആർ. രാധാകൃഷ്ണൻ, കെ.എസ്. ഉദയകുമാർ, ലതാ പുരുഷൻ, ജോർജ് മേനാച്ചേരി, എസ്. കൃഷ്ണകുമാർ, മൊയ്തീൻ നൈന, കെ.എം. ജാഫർ, പിൽസൺ മാനാടൻ, പി.ആർ. നിമ്മി, എ.എ. നൗഷാദ് എന്നിവർ സംസാരിച്ചു.