meet

കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂർ വല്ലംകടവിനെയും ബന്ധിപ്പിക്കുന്ന പാറപ്പുറം-വല്ലംകടവ് പാലത്തിന്റെ നിർമാണം ഒരിടവേളയ്ക്കുശേഷം വീണ്ടും തുടങ്ങി.

പെരുമ്പാവൂർ- ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിലേക്ക് എത്തുന്നവരുടെ യാത്ര സുഗമമാക്കാൻ സഹായിക്കുന്നതാണ്.

288 മീറ്റർ നീളവും ഇരു വശങ്ങളിലും നടപ്പാതയോടും കൂടി 14 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. 16 ഗർഡറുകളാണ് പാലത്തിനുള്ളത്. ഇതിൽ 13 ഗർഡറുകളുടെ നിർമാണം പൂർത്തിയായി. കൈവരി, സ്ലാബ് എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. പാലത്തിന്റെ അനുബന്ധ റോഡുകൾക്കായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടുണ്ട്. റോഡ് നിർമാണത്തിന്റെ പ്രാരംഭ നടപടികളും ആരംഭിച്ചു. മാർച്ച് മാസത്തോടെ നിർമാണം പൂർത്തിയാക്കുന്ന രീതിയിൽ ദ്രുതഗതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

2016 ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം പ്രളയവും കരാർ ഏറ്റെടുത്ത കമ്പനിയുടെ പിന്മാറ്റവുംമൂലം മന്ദഗതിയിലായിരുന്നു. വീണ്ടും ടെൻഡർ വിളിച്ചാണ് പാലം പണി പുനരാരംഭിച്ചത്.

എം.സി.റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും പാലം ഉപകാരപ്പെടുമെന്ന് യാത്രക്കാർ പറഞ്ഞു.