
വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ മുഴുവൻ കുടുംബങ്ങൾക്കും സാമൂഹിക സുരക്ഷയും സാമ്പത്തികഭദ്രതയും ഉറപ്പാക്കുന്ന ഇൻഷ്വറൻസ് പദ്ധതി കെ.എൻ. ഉണ്ണിക്കൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ചു.
അപകട, ചികിത്സ, പെൻഷൻ സുരക്ഷിതത്വമാണ് എസ്.ബി.ഐ.യുടെ സഹകരണത്തോടെ ലഭ്യമാക്കുന്നത്. 18-70 വയസുള്ളവർക്ക് അപകട ഇൻഷ്വറൻസും 50 വയസുവരെയുള്ളവർക്ക് ചികിത്സാ ഇൻഷ്വറൻസും എ.പി.വൈ പദ്ധതിയിൽ പെൻഷനുമാണ് ലഭ്യമാക്കുക. നിസാര പ്രീമിയമാണ് മികവ്. എസ്.ബി.ഐ. റീജിയണൽ മാനേജർ ആർ.വി. അജിത്ത്കുമാർ, ബി.സി.എഫ്. പി. ബാബു, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ടി. ഫ്രാൻസിസ്, നീതു ബിനോദ്, വി.എസ്. അക്ബർ, മേരി വിൻസന്റ്, വൈപ്പിൻ വികസന പദ്ധതികളുടെ കോ-ഓർഡിനേറ്റർ എ.പി. പ്രിനിൽ, കുഴുപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി. സുനിൽകുമാർ, കേരള മാരിടൈം ബോർഡ് അംഗം സുനിൽ ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.