rahul-gandhi

കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിറുത്തിവയ്ക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ഗുരുദേവനെ ആദരിക്കുന്ന കേരളജനത പ്രാർത്ഥനയിലും ഉപവാസത്തിലും മുഴുകുന്ന ദിനമാണിത്. ക്രിസ്മസ്, ദു:ഖവെള്ളി, നബിദിനം, ശ്രീകൃഷ്ണജയന്തി എന്നീ ദിനങ്ങൾ പോലെ തന്നെ പ്രാധാന്യമുള്ളതാണ് മഹാസമാധി ദിനവും.

ശിവഗിരി സന്ദർശന വേളയിൽ ശ്രീനാരായണ ഗുരുദേവ ദർശനം രാജ്യം പിന്തുടരേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയും രാഹുൽ ഗാന്ധി തന്നെ ചൂണ്ടിക്കാണിച്ചതാണ്. കോൺഗ്രസ് പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കൾ മഹാസമാധി ദിനത്തിൽ ഭാരത് ജോഡോ യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചിലരുടെ നിർബന്ധബുദ്ധിയാലാണ് അന്ന് യാത്ര നിശ്ചയിച്ചതെന്നു മനസിലാക്കുന്നു. ഗുരുദേവ വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര സമാധി ദിനത്തിൽ മാറ്റിവയ്ക്കണമെന്ന് സ്വാമി സച്ചിദാനന്ദ അഭ്യർത്ഥിച്ചു. സമാധി ദിനമായ 21ന് രാവിലെ ആലപ്പുഴ - എറണാകുളം അതിർത്തിയായ കുമ്പളത്ത് നിന്ന് ഇടപ്പള്ളിയിലേക്കും വൈകിട്ട് ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കുമാണ് രാഹുലിന്റെ യാത്ര.