കൊച്ചി: സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പുമുതൽ എറണാകുളം സഹകരണ മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ തുടരുന്ന സ്റ്റാഫ് നഴ്സുമാരെയും ജൂനിയർ റെസിഡന്റുമാരെയും സ്ഥിരപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. നേരത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഈ വിഷയം ഉന്നയിച്ചവരുടെ കാര്യത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി. പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.

മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോഴും പിന്നീട് 315 പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിറക്കിയപ്പോഴും ജോലി ചെയ്തിരുന്നവരും ഇപ്പോൾ തുടരുന്നവർക്കുമാണ് ഈ വിധിയുടെ ആനുകൂല്യം ലഭിക്കുക. നേരത്തെ ട്രൈബ്യൂണൽ ഇവർക്ക് അനുകൂലമായി ഉത്തരവ് നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിയാണ് ഡിവിഷൻബെഞ്ച് വിധിപറഞ്ഞത്.