കൊച്ചി: കേരളത്തിലെ അധ:സ്ഥിത- പിന്നാക്ക വിഭാഗങ്ങൾക്കായി നാവിലും പേനയിലും അഗ്നി ജ്വലിപ്പിച്ച മഹാനായിരുന്നു പത്രാധിപർ കെ. സുകുമാരനെന്ന് കൊച്ചി കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ പറഞ്ഞു. പത്രങ്ങളും പത്രാധിപന്മാരും ധാരാളമുള്ള കേരളത്തിൽ പത്രാധിപർ എന്ന ഒറ്റവിളിയിൽ സുപരിചിതനായ ഏക വ്യക്തിയാണ് കെ. സുകുമാരൻ. ജനങ്ങളെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുൻനിരയിലേക്കെത്തിക്കുന്നതിൽ പത്രാധിപരുടെ തൂലിക വഹിച്ച പങ്ക് വളരെ വലുതാണ്.
രാജ്യത്തിന്റെ വിശാല താത്പര്യങ്ങൾക്കൊപ്പം നിൽക്കുക എന്നതിനൊപ്പം അധ:സ്ഥിത വിഭാഗങ്ങളുടെ ജിഹ്വയാകുക എന്നതായിരുന്നു കേരളകൗമുദിയുടെയും പത്രാധിപരുടെയും പ്രഖ്യാപിതനയം.
എല്ലാക്കാര്യത്തിലും ദീർഘവീക്ഷണവും ദൃഢനിശ്ചയവും ഉള്ളയാളായിരുന്നു പത്രാധിപർ. മർദ്ദിതരും പിഡീതരുമായ പിന്നാക്ക ജനവിഭാഗത്തിന്റെ മോചനമായിരുന്നു കെ. സുകുമാരന്റെ ജീവിതലക്ഷ്യം. ആ പാരമ്പര്യം ഇന്നും കേരളകൗമുദി തുടരുന്നുണ്ട്. മർമ്മറിഞ്ഞ് മാദ്ധ്യമസ്വാതന്ത്ര്യം പ്രയോഗിക്കുന്നതിൽ എന്നും മുന്നിലായിരുന്നു പത്രാധിപരെന്നും പദ്മജ അനുസ്മരിച്ചു.
സമൂഹത്തെ മുന്നോട്ടുനയിച്ചു: മഹാരാജാ ശിവാനന്ദൻ
പത്രാധിപർ കെ. സുകുമാരൻ നൽകിയ ഉജ്ജ്വലമായ തുടക്കമാണ് കേരളകൗമുദിയുടെ മുതൽക്കൂട്ടെന്നും മഹാരഥനായ പത്രപ്രവർത്തകനായിരുന്നു പത്രാധിപരെന്നും എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ പറഞ്ഞു. പത്രത്തിന് മാത്രമല്ല സമൂഹത്തിന്റെ നാനാവിധമായ മുന്നോട്ടുപോക്കിന് ഏറെ സംഭാവനകൾ നൽകിയ മഹാനാണ് പത്രാധിപരെന്നും അദ്ദേഹം പറഞ്ഞു.
നിർഭയ പത്രപ്രവർത്തനം: ഹരി വിജയൻ
രാഷ്ട്രീയത്തിൽ ലീഡറെന്നാൽ കെ. കരുണാകരൻ എന്നപോലെ മാദ്ധ്യമലോകത്ത് പത്രാധിപർ എന്നാൽ കെ. സുകുമാരൻ മാത്രമാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയിലും പത്രാധിപരുടെ ഇടപെടൽ ശ്രദ്ധേയമാണ്. സമൂഹത്തിലെ ശരിതെറ്റുകളെ ജനങ്ങൾക്ക് മുൻപാകെ തുറന്നെഴുതിയ പത്രാധിപരായിരുന്നു കെ. സുകുമാരനെന്ന് അദ്ദേഹം പറഞ്ഞു.