
ആലുവ: ജനകീയ പ്രതിഷേധത്തിൽ കിൻഫ്ര കുടിവെള്ള പദ്ധതി അനിശ്ചതത്വത്തിലായ സാഹചര്യത്തിൽ മന്ത്രി പി.രാജീവ് വിളിച്ചുചേർത്ത വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും തർക്കം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ റോഡ് പിളർത്തി ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയില്ലെന്ന നിലപാടാണ് അൻവർ സാദത്ത് എം.എൽ.എയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നെത്തിയ ജനപ്രതിനിധികളും സ്വകരിച്ചത്. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയാണിതെന്ന് മന്ത്രി തിരിച്ചടിച്ചെങ്കിലും സാദത്ത് അടക്കമുള്ളവർ നിലപാട് മാറ്റിയില്ല. ആലുവ ജലശുദ്ധീകരണ ശാലയ്ക്ക് സമീപത്ത് നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നത് നിലവിലെ ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇതേകുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. കിൻഫ്ര പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിച്ച തോട്ടുമുഖം മുതൽ എടയപ്പുറം നേച്ചർ കവല വരെയുള്ള ഭാഗം ടാറിംഗ് നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. പൈപ്പ് സ്ഥാപിച്ച ശേഷം ടാറിംഗ് നടത്തുന്നതിനുള്ള മുഴുവൻ തുകയും പൊതുമരാമത്ത് വകുപ്പിൽ അടച്ചിട്ടുണ്ടെന്ന് കിൻഫ്ര എം.ഡി സന്തോഷ് കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.
കിൻഫ്ര പദ്ധതിക്കായി പൈപ്പിടൽ മേയിൽ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് നിശ്ചലമാകുകയായിരുന്നു. പൈപ്പിടലിൽ തകർന്ന റോഡിലെ കുഴികൾ താത്കാലികമായി അടച്ച് തലയൂരുകയാണ് പി.ഡബ്ലിയു.ഡി ചെയ്യുന്നത്.
ഉമ തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ രേണുരാജ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.