11
കാക്കനാട് ഇൻഫോപാർക്ക് റോഡിലെ കേബിൾ കുരുക്ക്

തൃക്കാക്കര: തൃക്കാക്കരയിൽ കേബിൾ കുരുക്കിൽപ്പെട്ടുണ്ടാകുന്ന അപകടം തുടർക്കഥയാവുന്നു. ചെമ്പുമുക്ക് പാറക്കാട്ട് ക്ഷേത്രംറോഡിൽ വികാസ് നഗറിൽ സി.ടി. അലോഷ്യസിനാണ് (56) കാലിന് പരിക്കേറ്റത്. ഞായറാഴ്ച്ച ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ചർച്ചിൽ ആദ്യകുർബാനയിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിലെത്തിയ അലോഷ്യസ് വാഹനം റോഡരികിൽ പാർക്കുചെയ്തശേഷം പള്ളിയിലേക്ക് നടക്കുമ്പോഴാണ് വഴിയരികിലെ പോസ്റ്റിൽ തൂങ്ങിക്കിടന്ന കേബിളിൽ തട്ടി തൊട്ടടുത്ത സ്ലാബിലേക്ക് തെറിച്ചുവീണ് പരിക്കേറ്റത്. കാൽപ്പാദത്തിന്റെ മുൻഭാഗത്തെ ഞരമ്പിനാണ് പരിക്ക്.

പ്രദേശവാസികൾ റോഡിലേക്ക് നിലത്തുതൂങ്ങിക്കിടക്കുന്ന കേബിളുകൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. രണ്ടുമാസം മുമ്പ് ഇതേ സ്ഥലത്തുവച്ച്

കേബിളിൽക്കുരുങ്ങി ഇരുചക്ര യാത്രക്കാരന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞദിവസം കൊല്ലംകുടിമുകൾ ഏരിയാക്കാട്ടുമൂല ജംഗ്ഷനിൽ വഴിയരികിലെ കേബിൾ കുരുക്കിൽപെട്ട് യുവാവിന്റെ കൈയൊടിഞ്ഞിരുന്നു. തുടർന്ന് മനുഷ്യാ വകാശ കമ്മീഷൻ അടക്കം കേസെടുക്കുകയും അപകടകരമായ കേബിളുകൾ മുറിച്ചുമാറ്റാൻ നഗരസഭയ്ക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കേബിളുകൾ മുറിച്ച് മാറ്റുന്ന നടപടി നഗരസഭ തുടങ്ങിയെങ്കിലും ഒരാഴ്ചകൊണ്ട് അവസാനിപ്പിച്ചു. തൃക്കാക്കരയുടെ പല ഭാഗങ്ങളിലും കേബിളുകൾ ഇപ്പോഴും അപകടഭീഷണി ഉയർത്തി നിലകൊള്ളുന്നുണ്ട്.