
കൊച്ചി: ജില്ലാ ജനറൽ ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കഴിഞ്ഞ മൂന്ന് ആഴ്ചക്കാലമായി എം.ആർ.ഐ സ്‌കാൻ, സി.ടി സ്‌കാൻ, മാമോഗ്രാം എന്നിവയുടെ പ്രവർത്തനമില്ലാത്തതുകൊണ്ട് രോഗികൾ കഷ്ടപ്പെടുന്നു.
ജില്ലയിലെയും സമീപ ജില്ലകളിലെയും സാധാരണ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് ജില്ലാ ജനറൽ ആശുപത്രിയെയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ മൂലം മെഡിക്കൽ കോളേജുകളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും റഫർ ചെയ്യുന്ന അവസ്ഥയുമാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷനായി. പി.എ. ജിറാർ, ആൽവിൻ സേവ്യർ, സി.എ. സതീഷ്, വി.എസ്. സുനിൽകുമാർ, എ.എ. സഹദ്, ഗോവിന്ദ് ശശി, റോക്കി ജിബിൻ, എം.ആർ. ഋഷികേശ് എന്നിവർ പ്രസംഗിച്ചു.