മരട്: കളഞ്ഞുകിട്ടിയ ഒന്നരപ്പവൻ തൂക്കം വരുന്ന സ്വർണനെക്‌ലേസ് ഉടമയ്ക്ക് തിരികെ നൽകി വീട്ടമ്മ മാതൃകയായി. തൈക്കൂടം മാനുവൽ ലെയിനിൽ മഠത്തിയാനിപ്പാടത്ത് എം.എം. മോഹനന്റെ ഭാര്യ മായാദേവിക്കാണ് 15ന് രാവിലെ അമ്പലത്തിൽ പോകുമ്പോൾ തൈക്കൂടം പള്ളിക്ക് മുൻവശത്തെ റോഡിൽനിന്ന് സ്വർണനെക്‌ലേസ് കിട്ടിയത്. ക്ഷേത്രത്തിൽനിന്ന് തിരിച്ചുവന്ന‌് വിവരം ഭർത്താവിനെ അറിയിച്ചു. മോഹനൻ പറഞ്ഞതനുസരിച്ച് തൈക്കൂടം സൗത്ത് റെസിഡന്റ്സ് അസോസിയേഷൻ (ടി.എസ്.ആർ.എ) ഭാരവാഹികൾ സംഭവം സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തി. തുടർന്ന് മോഹനൻ റെസി. അസോ. ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നെക്‌ലേസ് മരട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. സോഷ്യൽ മീഡിയവഴി വിവരമറിഞ്ഞ ഉടമസ്ഥൻ തൈക്കൂടം കറുകയിൽ സജി ടി.എസ്.ആർ.എ പ്രസിഡന്റ് സേവ്യർ പി. ആന്റണി, സെക്രട്ടറി എം.എസ്. ജയമോഹൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തെളിവുകൾ ഹാജരാക്കി മരട് പൊലീസ് സ്റ്റേഷനിൽനിന്ന് ഭാര്യയുടെ നെക്‌ലേസ് ഏറ്റുവാങ്ങി.