ആലുവ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 21, 22 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാതയുടെ പടിഞ്ഞാറുവശത്തെ പാത ഭാരത് ജോഡോ യാത്രയ്ക്കായി ഉപയോഗിക്കേണ്ടതിനാൽ കിഴക്കുഭാഗം ട്രാക്ക് ഇരുവശത്തേക്കുമുള്ള ഗതാഗതത്തിനായി ഉപയോഗിക്കും. എറണാകുളം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്കുപോകുന്ന കണ്ടെയ്നർ ലോറി, ഹെവി ഗുഡ്സ് വാഹനങ്ങൾ തുടങ്ങിയ ദീർഘദൂര വാഹനങ്ങൾ ഇടപ്പള്ളിയിൽനിന്നുതിരിഞ്ഞ് ചേരാനല്ലൂർ-വരാപ്പുഴ – നോർത്ത് പറവൂർവഴി (എൻ.എച്ച് 544) കൊടുങ്ങല്ലൂർ, തൃശൂർ ഭാഗത്തേക്ക് പോകണം. തൃശൂർ/അങ്കമാലിയിൽനിന്ന് തെക്കുഭാഗത്തേക്ക് വരുന്ന എല്ലാ ഹെവിവാഹനങ്ങളും അങ്കമാലി സിഗ്നൽ ജംഗ്ഷനിൽനിന്നുതിരിഞ്ഞ് കാലടി, പെരുമ്പാവൂർവഴി തെക്കോട്ടുപോകണം. ഭാരത് ജോഡോ ജാഥയ്ക്ക് വരുന്ന ആളുകളെ ഇറക്കിയതിനുശേഷം എല്ലാ വാഹനങ്ങളും ആലുവ മണപ്പുറത്ത് പാർക്ക് ചെയ്യണം.

ഇന്ന് വൈകിട്ടുമുതൽ തൃശൂരിൽനിന്ന് എറണാകുളം ഭാഗത്തേക്കുവരുന്ന എല്ലാ ഹെവി വാഹനങ്ങളും കറുകുറ്റി ഭാഗത്ത് മറ്റു വാഹനങ്ങൾക്ക് തടസം ഉണ്ടാക്കാത്ത രീതിയിൽ സൗകര്യപ്രദമായ സ്ഥലത്ത് പാർക്കുചെയ്യണം. 21ന് വൈകിട്ട് 5നുശേഷം യു.സി കോളേജ് ഭാഗത്തേക്ക് ഒരുവാഹനങ്ങളും കടത്തിവിടില്ല. ഈ ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ ആലങ്ങാട്-മാളികംപീടിക - തടിക്കക്കടവ് പാലം-ചെങ്ങമനാടുവഴി അത്താണിയിൽ എത്തി യാത്രതുടരണം. ഈ ദിവസങ്ങളിൽ എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർ നേരത്തെ യാത്ര ക്രമീകരിക്കണം.